ബിജെപിയുമായി ധാരണയുണ്ടാക്കില്ല:കെപിസിസി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം നേടാന്‍ സിപിഎമ്മുമായോ ബിജെപിയുമായോ ധാരണയുണ്ടാക്കേണ്ട കാര്യമില്ലെന്ന് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. നിര്‍വാഹക സമിതിയുടെ ഈ തീരുമാനത്തോടെ കൊച്ചി കോര്‍പറേഷന്‍ ആരു ഭരിക്കുമെന്നതിലെ അനിശ്ചിതത്വം വര്‍ധിച്ചു. ബിജെപിയുടെ സഹായത്തോടെ ഭരണം നേടാന്‍ ചില ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം നടത്തിവരുന്നതിനിടയിലാണ് ഈ തീരുമാനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം കേരളരാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് വ്യക്തമാക്കുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള താക്കീതാണ് ഈ ഫലമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില കുത്തനെ കൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെപിസിസി നിര്‍വാഹകസമിതി യോഗം പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പെട്രോളിയം വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗവും ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച യോഗം ചേര്‍ന്നു. യുഡിഎഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications