ലീഗ് സിപിഎമ്മുമായുള്ള ബന്ധം തുടരില്ലെന്ന് തങ്ങള്‍
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈക്കൊണ്ട പരസ്യബാന്ധവം ഇനി തുടരില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍. കലൂര്‍ എംഇഎസ് കള്‍ച്ചറല്‍ സെന്ററില്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച സി.എച്ച്. അവാര്‍ഡ് ദാനച്ചടങ്ങളിനെത്തിയതായിരുന്നു തങ്ങള്‍.
ചില വടക്കന്‍ ജില്ലകളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അടവുനയം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഭരണത്തിലെത്തിക്കാന്‍ പിന്തുടരേണ്ടതില്ലെന്ന് ലീഗ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു. സപ്തംബര്‍ 30 ശനിയാഴ്ച നടന്ന ലീഗ് നേതാക്കളുടെ അനൗപചാരിക യോഗത്തിലാണ് തങ്ങള്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പഞ്ചായത്തുകളിലും നഗരസഭകളിലും എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ലീഗ് പ്രതിനിധികള്‍ വോട്ടവകാശം വിനിയോഗിക്കരുതെന്നും തങ്ങള്‍ പറഞ്ഞു. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യും. എല്‍ഡിഎഫുമായി സഹകരിച്ച് മുസ്ലിംലീഗ് മത്സരിച്ച സ്ഥലങ്ങളിലും ഈ നിര്‍ദേശം ബാധകമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications