തീ പിടിച്ച ബസ് മറിഞ്ഞ് രണ്ടു മരണം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വഴുക്കുംപാറയില്‍ ഓടികൊണ്ടിരിക്കുന്നതിനിടയില്‍ തീപിടിച്ച സ്വകാര്യബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
പാലക്കാട് കോരന്‍ചിറ വീട്ടില്‍ കളപുരയ്ക്കല്‍ കണ്ണ് (70), പാലക്കാട് ആയക്കാട് ചുണ്ടയ്ക്കാട് വീട്ടില്‍ വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനി (65) എന്നിവരാണ് മരിച്ചത്.
പാലക്കാട് നിന്നും തൃശൂരേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റോപ്പ് ബസ്സാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയിലോടുകയായിരുന്ന ബസ് മറ്റ് രണ്ട് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ്സിന്റെ ജോയിന്റ് ഷാഫ്റ്റ് പൊട്ടി ഡീസല്‍ ടാങ്കിലിടിച്ചതുമൂലം അടിഭാഗത്ത് തീപടര്‍ന്നു. അമിതവേഗതയിലായിരുന്ന ബസ് മൂന്നു തവണ മറിഞ്ഞ് ഒരു മണ്‍തിട്ടയിലിടിച്ച് നിന്നു. ഇതിനിടയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോറിക്ഷ ബസ്സിനടിയില്‍ പെട്ടു. ഓട്ടോറിക്ഷയില്‍ ആരുമുണ്ടായിരുന്നില്ല.
പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തൃശൂര്‍ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Click it and Unblock the Notifications