കൊല്ലം കോര്‍പ്പറേഷന്‍: അനിശ്ചിതത്വം തുടരുന്നു
കൊല്ലം: പുതുതായി രൂപം കൊണ്ട കൊല്ലം കോര്‍പ്പറേഷനിലെ ഭരണം ആര്‍ക്കായിരിക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ഒക്ടോബര്‍ അഞ്ചോടെ ഭരണസമിതി നിലവില്‍ വരണമെന്നതിനാല്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങള്‍ നടന്നു വരികയാണ്.
50 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 24-ഉം യുഡിഎഫിന് 22-ഉം അംഗങ്ങളാണുള്ളത്. യുഡിഎഫ് വിമതരും പിഡിപി സ്ഥാനാര്‍ത്ഥികളം രണ്ടു വീതം സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പിഡിപിയുടെയും യുഡിഎഫ് വിമതരുടെയും നിലപാടുകളാണ് നിര്‍ണ്ണായകമായിരിക്കുന്നത്.
ഇരു മുന്നണികളും ഈ നാലു അംഗങ്ങളുടെ പിന്നാലെയായപ്പോള്‍ പിഡിപി രണ്ടു തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തു വന്നു. സപ്തംബര്‍ 30-ന് ശനിയാഴ്ച കൊല്ലത്തു പത്രസമ്മേളനം നടത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ് പിഡിപി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രസ്താവിച്ചു. എന്നാല്‍ പിറ്റേന്ന് നടത്തിയ പ്രസ്താവനയില്‍ പിന്തുണ കാര്യം പാര്‍ട്ടി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മദ്നിയെ കണ്ടതിനു ശേഷമേ തീരുമാനിക്കൂ എന്നും സിറാജ് വ്യക്തമാക്കി. എന്നാല്‍ പിഡിപി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുകയാണെന്ന് പാര്‍ട്ടി ആക്ടിങ് ചെയര്‍മാന്‍ കെ.ഇ. അബ്ദുള്ളയും പ്രസ്താവനയിറക്കിയിട്ടുണ്ട്.
പിഡിപിക്ക് ഒരു വര്‍ഷത്തെ മേയര്‍ പദം വാഗ്ദാനം ചെയ്ത് പിന്തുണ ആര്‍ജിക്കാനാണ് യുഡിഎഫ് തീരുമാനം. ഇനി രണ്ടു പിഡിപി കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചാലും യുഡിഎഫിന് 24 അംഗങ്ങളുടെ പിന്തുണ മാത്രമേ ആവുകയുള്ളൂ. അതിനാല്‍ രണ്ടു യുഡിഎഫ് വിമതരുടെ നിലപാടുകള്‍ നിര്‍ണായകമാകും. അതിനിടെ പിഡിപിയുമായി കൂട്ടുകൂടിയാല്‍ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ള മുസ്ലിംലീഗ് അംഗം യൂനുസ് കുഞ്ഞിന്റെ നിലപാടും യുഡിഎഫിന് തലവേദനയാണ്.
മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ തോല്പിച്ച് കോര്‍പ്പറേഷനിലെത്തിയ പിഡിപി അംഗങ്ങളുടെ പിന്തുണ തേടില്ലെന്നാണ് യൂനുസ് കുഞ്ഞു പറയുന്നത്. മറിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കാന്‍ യൂനുസ് കുഞ്ഞു നടത്തുന്ന സമ്മര്‍ദ്ദ തന്ത്രമാണ് ഇത് എന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
അതേ സമയം താമരക്കുളം പിഡിപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സബിതാ ബീഗത്തെ മേയറാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടുണ്ടെന്നറിയുന്നു. മേയര്‍ സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ സബിതാ ബീഗം തന്നെയായിരിക്കും മേയറെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. യുഡിഎഫില്‍ ഇടഞ്ഞു നില്‍ക്കുന്ന യൂനുസ് കുഞ്ഞിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനും എല്‍ഡിഎഫ് നേതൃത്വം ശ്രമമാരംഭിച്ചിട്ടുണ്ട്.
യുഡിഎഫ് വിമതരായി ജയിച്ചവര്‍ ജയപാലനും പ്രിയദര്‍ശനുമാണ്. ഇതില്‍ ജയപാലന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയദര്‍ശന്‍ ഇടതുപക്ഷത്തേക്ക് ചായാനുള്ള ചില സൂചനകളുണ്ട്.












Click it and Unblock the Notifications