ബാങ്കില്‍ പട്ടാപ്പകല്‍ പിടിച്ചുപറി
കൊച്ചി: ബാങ്കിലടയ്ക്കാന്‍ കൊണ്ടുവന്ന ഒന്നരലക്ഷത്തോളം രൂപ കൗണ്ടറില്‍ നിന്ന് തട്ടിപ്പറിച്ചു.
എറണാകുളം എം.ജി.റോഡില്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്എസ്ഐ ബ്രാഞ്ചിലാണ് സപ്തംബര്‍ മൂന്ന് ചൊവാഴ്ച ഉച്ചയ്ക്ക് പണവുമായി വന്ന യുവാവിന്റെ കയ്യില്‍ നിന്നുമാണ് പണം കവര്‍ന്നത്.
എറണാകുളത്തെ ആയുധവ്യാപാര സ്ഥാപനമായ തെക്കന്‍സ് ആര്‍മറിയില്‍ നിന്നും ഡ്രാഫ്റ്റ് എടുക്കാനായി കൊണ്ടുവന്ന 1,35,000 രൂപയാണ് തട്ടിയെടുക്കപ്പെട്ടത്.
പണം കൗണ്ടറില്‍ വെച്ചശേഷം ആര്‍മറിയിലെ ജീവനക്കാരനായ രഞ്ജിത് ഡ്രാഫ്റ്റ് ചെലാന്‍ പൂരിപ്പിക്കുമ്പോള്‍ സമീപത്തെത്തിയ യുവാവ് തമിഴ് കലര്‍ന്ന മലയാളത്തില്‍ പണം താഴെപ്പോയി എന്നു പറഞ്ഞു. താഴെ നോക്കിയ രഞ്ജിത് ഏതാനും പത്തു രൂപ നോട്ടുകള്‍ കാല്‍ച്ചുവട്ടില്‍ കിടക്കുന്നത് കണ്ടു. പോക്കറ്റില്‍ നിന്നു പോയതായിരിക്കുമെന്നു കരുതി അതെടുക്കാന്‍ കുനിഞ്ഞ തക്കത്തിന് കൗണ്ടറില്‍ നിന്നും പണമെടുത്ത് യുവാവ് കടന്നുകളയുകയായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു.
പണം അപഹരിക്കപ്പെട്ടതറിഞ്ഞ് രഞ്ജിത് ബഹളം വെച്ചുവെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. ഈ സമയത്ത് ബാങ്കില്‍ ഇരുപതോളം ഇടപാടുകാര്‍ ഉണ്ടായിരുന്നുവെങ്കിലും കവര്‍ച്ചക്കാരന്‍ ഓടിമറയുന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.
പൊക്കം കുറഞ്ഞ് തടിച്ച ഇയാള്‍ നീല ഷര്‍ട്ടാണിട്ടിരുന്നതെന്ന് രഞ്ജിത് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസ് നഗരം അരിച്ചുപെറുക്കിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദ്ധര്‍ ബാങ്കിലെത്തി പരിശോധന നടത്തി.












Click it and Unblock the Notifications