കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്താര്‍ബുദരോഗികള്‍ മാര്‍ച്ച് നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് രക്താര്‍ബുദരോഗികളും രക്തസംബന്ധമായ മറ്റു രോഗമുള്ളവരും തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും.

കോഴിക്കോട് മെഡിക്കല്‍കോളേജിലെ ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കരീം കാരശ്ശേരി അറിയിച്ചതാണ് ഇക്കാര്യം. ആശുപത്രിയിലെ അസൗകര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന് ഒട്ടേറെ തവണ എഴുത്തുകളും നിവേദനങ്ങളും അയച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് കരീം പറഞ്ഞു.

ഇക്കാര്യത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള അവസാനശ്രമമായാണ് പ്രകടനം നടത്തുന്നത്. തിരുവനന്തപുരത്ത് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധയോഗവും പ്രകടനവും നടത്തും- കരീം അറിയിച്ചു.

ആശുപത്രിയിലെ ശിശുവിഭാഗത്തില്‍ ആവശ്യമായ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ രക്തസംബന്ധമായ രോഗമുള്ള കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. സൗജന്യ രക്തപരിശോധനയും നിര്‍ത്തിയതിനാല്‍ ഇപ്പോള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ഈ ലാബുകളില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ രക്തപരിശോധനാ ഫലം വരാന്‍ രോഗികള്‍ കുറേ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ്--- കരീം ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ മൂന്നിന് ചൊവാഴ്ച കോഴിക്കോട്ടു നടന്ന കൗണ്‍സിലിന്റെ യോഗത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള തീരുമാനം എടുത്തത്. രക്തസംബന്ധമായ രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുടങ്ങണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടും.

എന്നാല്‍ കൗണ്‍സിലിന്റെ ആരോപണങ്ങളോട് എളമരം കരീം എല്‍എല്‍എ വിയോജിക്കുകയാണ്: ആശുപത്രിയില്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ കൗണ്‍സില്‍ ആരോപിക്കുന്നതു പോലെയുള്ള പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ല. പ്രശ്നം ഞാന്‍ പലപ്പോഴായി ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഫലമായി ഇപ്പോള്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്- എംഎല്‍എ പറയുന്നു.

രക്തസംബന്ധമായ രോഗങ്ങള്‍ക്ക് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രത്യേക ചികിത്സ ലഭ്യമാണ്. ഇപ്പോള്‍ തലശ്ശേരിക്കടുത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന പേരില്‍ ഒരു സ്ഥാപനവും വരുന്നുണ്ട്. അതിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നങ്ങള്‍ പരിഹൃതമാകുമെന്നാണ് കരുതുന്നത്- അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X