ലീഗ് പ്രവര്‍ത്തകന്റെ വീടു കത്തിച്ചു
പേരാമ്പ്ര: കോട്ടൂര്‍ പൂനത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അക്രമികള്‍ കഴിഞ്ഞ ദിവസം കത്തിച്ചു. കൂടത്തുംകണ്ടി ആമിതിന്റെ ഓലപ്പുരയാണ് രാഷ്ട്രീയ എതിരാളികളെന്നു കരുതപ്പെടുന്ന സാമൂഹ്യവിരുദ്ധര്‍ കത്തിച്ചത്.
പഞ്ചായത്തു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നു കരുതപ്പെടുന്നു.
ആമിതും ഭാര്യ കുഞ്ഞാമിനയും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കു ശേഷവും ഭീഷണിയുണ്ടായിരുന്നതിനാല്‍ ഇവര്‍ ആമിതിന്റെ സഹോദരിയുടെ വീട്ടിലേയ്ക്കു താമസം മാറ്റിയിരുന്നു.
വീട് കത്തിക്കുമെന്നും ആമിതിനെയും ഭാര്യയെയും ചുട്ടുകൊല്ലുമെന്നും ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നതിനാലാണ് താമസം മാറ്റിയതെന്നും ആമിത് പറയുന്നു.
ഇരുപത് സെന്റ് ഭൂമിയും ഓലപ്പുരയും മാത്രം സമ്പാദ്യമായുണ്ടായിരുന്ന ആമിത് റേഷന്‍ കടയില്‍ വിതരണക്കാരനായി ജോലി നോക്കുകയായിരുന്നു. സി പി എം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ഒരാഴ്ചയായി ജോലിക്കു പോകാറില്ലത്രേ .
പെട്രോളൊഴിച്ചാണ് കുടില്‍ കത്തിച്ചിരിക്കുന്നത്. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications