യുഎസ് ആറുലക്ഷം വിസ അനുവദിക്കുന്നു
വാഷിംഗ്ടണ്‍: അടുത്ത മൂന്നു വര്‍ഷങ്ങളില്‍ അമേരിക്കയിലെ വിവരസാങ്കേതിക മേഖലയിലേക്ക് ആറു ലക്ഷത്തോളം കൂടുതല്‍ എച്ച്-ഒന്ന് ബി വിസകള്‍ അനുവദിക്കാനുള്ള ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി.
അമേരിക്കയില്‍ ഇപ്പോഴുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ് നല്‍കാനും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള താല്‍ക്കാലിക കുടിയേറ്റക്കാരെ സ്ഥിരമാക്കാനും ബില്‍ അനുശാസിക്കുന്നു.
ഒന്നിനെതിരെ 96 വോട്ടുകള്‍ക്കാണ് ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച സെനറ്റ് ബില്‍ പാസ്സാക്കിയത്. വടക്കന്‍ കരോലിനയില്‍ നിന്നുള്ള ഡെമോക്രാറ്റംഗമായ ഏണസ്റ് എഫ്. ഹോളിംഗ്സാണ് ബില്ലിനെതിരെ വോട്ടു ചെയ്തത്. ഡെമോക്രാറ്റംഗങ്ങളായ മൂന്നു പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
അമേരിക്കന്‍ സാമ്പത്തിക നില ശക്തമായി തുടരണമെങ്കില്‍ നമ്മളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട പദവികളില്‍ എങ്ങനെ ആളുകളെ നിയമിക്കും എന്നുള്ള വെല്ലുവിളി പുതിയ ബില്‍ നിലവില്‍ വരുന്നതോടെ അവസാനിക്കും. കഴിവുളളവരെത്തേടി അമേരിക്കന്‍ കമ്പനികള്‍ ഇനി വേറെവിടെയും പോകേണ്ടി വരില്ല, ബില്ലിനു പിറകില്‍ പ്രവര്‍ത്തിച്ച റിപ്പബ്ലിക്കന്‍ അംഗമായ സെനറ്റര്‍ സ്പെന്‍സര്‍ ഏബ്രഹാം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ എച്ച്-ഒന്ന് ബി വിസയില്‍ എത്തുന്നവരില്‍ മിക്കവരും ഇന്ത്യക്കാരാണ്. അവരില്‍ പലര്‍ക്കും മൂന്നു വര്‍ഷത്തേക്കുള്ളതാല്‍ക്കാലിക വിസകളാണ് ലഭിച്ചിട്ടുള്ളത്. ചിലരുടേത് മൂന്നു വര്‍ഷത്തേക്ക് പുതുക്കിയിട്ടുണ്ട്. ജോലി ഇഷ്ടപ്പെട്ടതോടെ ചിലര്‍ക്ക് കമ്പനികള്‍ ഗ്രീന്‍കാര്‍ഡോ സ്ഥിരം ഇമിഗ്രന്റ് വിസയോ നല്‍കിയിട്ടുമുണ്ട്.
സെനറ്റ് അംഗീകരിച്ച പുതിയ ബില്‍ പ്രകാരം ആറു വര്‍ഷത്തേക്കുള്ള 1,95,000 താല്‍ക്കാലിക വിസകള്‍ അടുത്ത മൂന്നു വര്‍ഷങ്ങളില്‍ നല്‍കാന്‍ സാധിക്കും. ഇപ്പോഴുള്ള നിയമപ്രകാരം സപ്തംബര്‍ 30 വരെ 1,15,000 എച്ച്-ഒന്ന് ബി വിസകളാണ് ഇമിഗ്രേഷന്‍ ആന്റ് നാച്ചുറലൈസേഷന്‍ സര്‍വീസ് (ഐഎന്‍എസ്) അനുവദിച്ചത്. പുതിയ ബില്‍ അവതരിപ്പിച്ചിരുന്നില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം 1,07,500വും അടുത്ത വര്‍ഷം 65,000വും വിസകള്‍ മാത്രമേ അനുവദിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
പക്ഷെ ബില്‍ സെനറ്റ് അംഗീകരിച്ചു കഴിഞ്ഞുവെങ്കിലും ബില്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് അംഗീകരിച്ചതിനുശേഷം അമേരിക്കന്‍ പ്രസിഡണ്ടുകൂടി ഒപ്പുവെക്കണം. സെനറ്റ് അംഗീകരിച്ച ബില്ലില്‍ ഭേദഗതി വരുത്താതെ ഹൗസും ബില്‍ അംഗീകരിക്കുമോ എന്നതാണ് ഇപ്പോള്‍ അമേരിക്കയിലെ വിവരസാങ്കേതിക രംഗം ഉറ്റു നോക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ബില്‍ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സില്‍ എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications