മുങ്ങിയ ഗോപാല്‍ പൊങ്ങി
ചെന്നൈ: നക്കീരന്‍ ഗോപാലിനെ കാണാനില്ലെന്നുള്ള വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ അദ്ദേഹം പ്രത്യക്ഷനായി. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ചെന്നൈയില്‍ ഒരു പത്ര പ്രവര്‍ത്തക ശില്‍പശാലയില്‍ ഗോപാല്‍ എത്തിയത്.
കന്നഡ സിനിമാതാരം രാജ്കുമാറിനെ വീരപ്പന്റെ തടവില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തന്റെ നാലാംവട്ട ദൗത്യവും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കാട്ടില്‍ നിന്ന് തിരിച്ചെത്തിയ ഗോപാല്‍ അതിനു ശേഷം മുങ്ങിയിരിക്കുകയായിരുന്നു.
ക്ഷണമില്ലാതിരുന്നിട്ടും ശില്‍പശാലയില്‍ സംബന്ധിക്കാനെത്തിയത് തന്റെ കാണാതാകലിനെക്കുറിച്ചുള്ള കിംവദന്തികള്‍ ഒഴിവാക്കാനാണെന്ന് ഗോപാല്‍ ശില്‍പശാലയില്‍ പറഞ്ഞു.
രാജ്കുമാറിനെ മോചിപ്പിക്കുന്നതിനുള്ള തന്റെ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും അടുത്ത കൂടിക്കാഴ്ചയ്ക്കായി വീരപ്പന്റെ സന്ദേശം ലഭിച്ചാലുടന്‍ താന്‍ കാട്ടിലേയ്ക്കു തിരിക്കുമെന്നും ഗോപാല്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തികം ഇതുണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ അഞ്ചാം വട്ട ചര്‍ച്ചകള്‍ക്കായി ഗോപാലിനൊപ്പം വീരപ്പന്റെ മുന്‍ അഭിഭാഷകനായ വേണുഗോപാലിനേയും അയയ്ക്കണമെന്ന ചില കര്‍ണാടക പ്രതിപക്ഷനേതാക്കളുടെ നിര്‍ദ്ദേശത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗോപാല്‍ വിസമ്മതിച്ചു.












Click it and Unblock the Notifications