സിപിഎം ഏഴു ജില്ലാ പഞ്ചായത്തില്‍, സിപിഐ രണ്ടില്‍
തിരുവനന്തപുരം: എല്‍ഡിഎഫിനു ഭൂരിപക്ഷം ലഭിച്ച ഒമ്പതു ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണത്തിലും സിപിഎം പ്രസിഡണ്ട് സ്ഥാനം വഹിക്കും. രണ്ടിടത്തെ പ്രസിഡണ്ട് സ്ഥാനം സിപിഐക്കാണ്.
വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളില്‍ മൂന്നെണ്ണം സിപിഎമ്മും രണ്ട് സിപിഐയും കയ്യാളും. ശേഷിക്കുന്നവ ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (ജെ), ജനതാദള്‍, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ക്കാണ്. തിരുവനന്തപുരത്തു നടന്ന ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയോഗമാണ് ഈ തീരുമാനമെടുത്തത്.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡണ്ട് സ്ഥാനമാണ് സിപിഎമ്മിന് ലഭിക്കുക. കൂടാതെ കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ വൈസ് പ്രസിഡണ്ട് സ്ഥാനവും സിപിഎമ്മിന് ലഭിക്കും.
കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലെ പ്രസിഡണ്ട് പദവിയും തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ വൈസ് പ്രസിഡണ്ട് പദവിയും സിപിഐ വഹിക്കും. ആര്‍എസ്പിക്ക് ലഭിക്കുന്ന വൈസ് പ്രസിഡണ്ട് സ്ഥാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലാണ്. കേരള കോണ്‍ഗ്രസി(ജെ)ന് ഇടുക്കിയിലെയും ജനതാദളിന് കോഴിക്കോട്ടെയും ഐഎന്‍എല്ലിന് കാസര്‍കോട്ടെയും വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ലഭിക്കും.
എല്‍ഡിഎഫ് അധികാര വിഭജനത്തില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് ഘടകകക്ഷിയായ എന്‍സിപിക്കാണ്. ഏതെങ്കിലും ജില്ലാപഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് സ്ഥാനം വേണമെന്ന എന്‍സിപിയുടെ ആവശ്യം മറ്റു ഘടകകക്ഷികള്‍ അംഗീകരിച്ചുവെങ്കിലും സിപിഎം നിരാകരിക്കുകയായിരുന്നു. അതേസമയം ഇടതുമുന്നണി ഘടകകക്ഷിയല്ലാത്ത ഐഎന്‍എല്ലിന് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത് വരുംകാലങ്ങളില്‍ രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുമെന്ന സൂചനയാണ് നല്‍കുന്നത്.
ജില്ലാപഞ്ചായത്ത് നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ അതതു പാര്‍ട്ടികളുടെ ജില്ലാഘടകങ്ങള്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ പങ്കു വെയ്ക്കുന്നത് എല്‍ഡിഎഫ് പ്രാദേശിക കമ്മിറ്റികള്‍ തീരുമാനിക്കും.












Click it and Unblock the Notifications