മുഹമ്മദ്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.ബി.മുഹമ്മദ്കുട്ടി മാസ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ തന്നെ ജോണ്‍ പി. മാണിയാണ് വൈസ് പ്രസിഡന്റ്.
ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച കാക്കനാട് എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. 17 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കെ.ബി.മുഹമ്മദ്കുട്ടി മാസ്റര്‍ക്കെതിരെ കേരള കോണ്‍ഗ്രസ്-ജെയിലെ എന്‍.ജെ.ജോര്‍ജും ജോണ്‍ പി. മാണിക്കെതിരെ സിപിഎമ്മിലെ ആര്‍.എം.രാമചന്ദ്രനുമാണ് മത്സരിച്ചത്. പ്രസിഡന്റും വൈസ് പ്രസിഡന്റും വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
25 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 20 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 20ല്‍ 17ഉം യുഡിഎഫ് നേടിയതോടെ ഇനി അഞ്ചു ഡിവിഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പ്രസക്തിയില്ലാതായി.
വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം വ്യാഴാഴ്ച രാവിലെയാണ് പരിഹരിച്ചത്. വൈസ് പ്രസിഡന്റ് കാലാവധി വീതം വയ്ക്കാനും രണ്ടര വര്‍ഷത്തിന് ശേഷം കെ.ആര്‍.സുഭാഷിനെ അധികാരമേല്പിക്കാനും തീരുമാനിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
ജില്ലാ പഞ്ചായത്തില്‍ കുമ്പളങ്ങി ഡിവിഷനില്‍ നിന്നും വിജയിച്ച മുഹമ്മദ് കുട്ടി മാസ്റര്‍ (52) കഴിഞ്ഞ പഞ്ചായത്ത് കൗണ്‍സിലിലെ പ്രതിപക്ഷനേതാവായിരുന്നു. എറണാകുളം ദാറുല്‍ ഉലൂം സ്കൂളിലെ അധ്യാപകനാണ്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ്കുട്ടി ചുരുങ്ങിയ കാലയളവില്‍ പള്ളുരുത്തി നിയോജകമണ്ഡലം പ്രസിഡന്റായി. 1991ല്‍ കെപിസിസി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാനിര്‍വാഹകസമിതിയംഗം, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, വിവിധ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു വരുന്നു.
1979 മുതല്‍ ഏഴുവര്‍ഷവും 1990 മുതല്‍ 95 വരെയും മരട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1995ലാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുമ്പളങ്ങിയില്‍ നിന്നും വിജയിച്ച് പ്രതിപക്ഷനേതാവായത്.












Click it and Unblock the Notifications