കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍- പാലസ്തീന്‍ ചര്‍ച്ച പരാജയം

  • By Staff
Google Oneindia Malayalam News

പാരീസ് : മധ്യേഷ്യയിലെ രക്തച്ചൊരിച്ചിലിന് പരിഹാരം കാണാന്‍ ഇസ്രയേല്‍-പാലസ്തീന്‍ നേതാക്കള്‍ പാരീസില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ചയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബരാക്കും പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തും തമ്മില്‍ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി മെഡലൈന്‍ ആള്‍ബ്രൈറ്റിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയത്.

അരാഫത്തും ആള്‍ബ്രൈറ്റുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് പോകാതെ ചര്‍ച്ച കഴിഞ്ഞയുടന്‍ ബരാക് ഇസ്രയേലിലേക്ക് പറക്കുകയും ചെയ്തു. അരാഫത്ത് പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഉടമ്പടിയില്‍ ഒപ്പു വയ്ക്കാന്‍ കൂട്ടാക്കിയില്ലെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ആള്‍ബ്രൈറ്റിനു നേരെ കയര്‍ത്ത അരാഫത്ത് ക്ഷുഭിതനായി ഇറങ്ങിപ്പോവുകയും ചെയ്തു. ആള്‍ബ്രൈറ്റ് തന്നെ പിന്നീട് അരാഫത്തിനെ അനുനയിപ്പിച്ച് കൊണ്ടുവരികയായിരുന്നു.

എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഈജിപ്തില്‍ വച്ച് നടത്താമെന്നതാണ് പാരീസില്‍ വച്ചുണ്ടാക്കിയ ഏക കരാറെന്ന് ഒരു മുതിര്‍ന്ന പാലസ്തീനിയന്‍ ഉദ്യോഗസ്ഥന്‍ യാസര്‍ അബദ് വ്യക്തമാക്കി.അരാഫത്ത് ഈജിപ്തിലേക്ക് പറന്നിട്ടുണ്ട്.

ഇസ്രയേല്‍ സൈന്യം സംഘര്‍ഷമേഖലയില്‍ നിന്നു പിന്‍മാറുമെന്നും വെസ്റ് ബാങ്കിലെ തന്ത്രപ്രധാന കേന്ദങ്ങളില്‍ നിന്നു പാലസ്തീനികള്‍ മടങ്ങണമെന്നുമായിരുന്നു ചര്‍ച്ചയനുസരിച്ചുള്ള തീരുമാനമെന്നും ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചു.

അക്രമങ്ങളെക്കുറിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ നിര്‍ദേശിക്കുന്ന കമ്മിറ്റി അന്വേഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പാലസ്തീനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ കമ്മിറ്റി വേണമെന്നാണ് ഇസ്രയേല്‍ വാശി പിടിക്കുന്നതെന്നും പാലസ്തീനി അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X