എയര്‍ ഇന്ത്യയുടെ 40 ശതമാനം ഓഹരികള്‍ ടാറ്റ വാങ്ങും
ദില്ലി: എയര്‍ ഇന്ത്യയുടെ 40 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റാ രംഗത്ത് . ടാറ്റാ കമ്പനി ചെയര്‍മാന്‍ രത്തന്‍ ടാറ്റാ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച അറിയിച്ചതാണിത്.
ഒരു വിദേശ കമ്പനിയുമായി ചേര്‍ന്നാവും ടാറ്റാ 40 ശതമാനം ഓഹരികള്‍ വാങ്ങുക. ഇതില്‍ ടാറ്റയുടെ വിഹിതം 26 ശതമാനം ആയിരിക്കും. വിദേശ കമ്പനിയുടേത് 14 ശതമാനവും. എയര്‍ലൈന്‍ രംഗത്തുള്ള കമ്പനിയായിരിക്കും ഇത്. എയര്‍ ഇന്ത്യയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ വിദേശ കമ്പനിക്ക് നിര്‍ണ്ണായക പങ്കാളിത്തം ഉണ്ടായിരിക്കും.
വിദേശ പങ്കാളി ആരാണെന്നു തീരുമാനിച്ചിട്ടില്ലെന്ന് ടാറ്റ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായും മറ്റ് രണ്ട് വിദേശകമ്പനികളുമായും ടാറ്റ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നവംബര്‍ പത്തിന് മുമ്പായി എയര്‍ ഇന്ത്യ ഓഹരികള്‍ ഏറ്റെടുക്കാന്‍ സമ്മതം പ്രകടിപ്പിച്ചു കൊണ്ടുളള തീരുമാനം ടാറ്റ സര്‍ക്കാര്‍ മുമ്പാകെ നല്‍കും. ഇതിനു മുമ്പായി വിദേശപങ്കാളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും.
ടാറ്റയെ സംബന്ധിച്ചിടത്തോളം എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നത് മധുരമായ ഒരു പ്രതികാരം കൂടെയാണ്. ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ജെ ആര്‍ ഡി ടാറ്റയാണ് ഇന്ത്യയില്‍ ആദ്യമായി വിമാനസര്‍വീസ് കമ്പനി ആരംഭിച്ചത്. എന്നാല്‍ 1946 ല്‍ കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്ന് പേരു മാറ്റുകയുമായിരുന്നു.












Click it and Unblock the Notifications