കൊസ്റ്റുണിക്ക അധികാരമേറ്റു
ബല്‍ഗ്രേഡ്: പതിമൂന്ന് വര്‍ഷത്തെ ഏകാധിപത്യഭരണത്തിന്റെ ഇരുമ്പു മറയില്‍ നിന്ന് യൂഗോസ്ലാവ്യക്കു മോചനം. ഒക്ടോബര്‍ ഏഴ് ശനിയാഴ്ച രാത്രിയില്‍ രാജ്യം ജനാധിപത്യത്തിന്റെ വിലയറിഞ്ഞു. യൂഗോസ്ലാവ്യയുടെ ചരിത്രത്തിലെ ആദ്യത്തെ ജനകീയഭരണത്തലവന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റ് വാജിസ്ലാവ് കൊസ്റ്റുണിക്ക സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.
സ്ലൊബോദാന്‍ മിലോസെവിച്ച് എന്ന ഏകാധിപതിയുടെ ഭരണരീതിയില്‍ നിന്നും വ്യത്യസ്തമായ ഭരണരീതി കാഴ്ചവയ്ക്കുമെന്ന് കോസ്റ്റ്യുണിക്ക ജനങ്ങള്‍ക്കുറപ്പു നല്‍കി. യൂഗോസ്ലാവ് ഫെഡറേഷനെ എന്തു വില കൊടുത്തും ഒന്നിച്ചു കൊണ്ടു പോകുമെന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു.
ഇതൊരു ചരിത്രസന്ധിയാണ് . ജനാധിപത്യമില്ലാതെ രാജ്യത്തിനു ശാന്തിയും ഐശ്വര്യവും കൈവരില്ല. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്ക വിഷയങ്ങളും ഉണ്ടാകാമെങ്കിലും നാം രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിച്ചു നില്‍ക്കണം - 56 കാരനായ പുതിയ പ്രസിഡന്റ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
ഇക്കഴിഞ്ഞ സപ്തംബര്‍ 24 ന് രാജ്യത്തു നടന്ന ആദ്യത്തെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് അധികാരത്തിലെത്തുകയായിരുന്നു കൊസ്റ്റുണിക്ക. ഇദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനെ അംഗീകരിക്കാതിരുന്ന മുന്‍ ഏകാധിപകതി മിലോസെവിച്ച് ജനരോഷത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം അധികാരം വിട്ടോടുകയായിരുന്നു.
എന്നാല്‍ യൂഗോസ്ലാവിയയെ ഒന്നായി നിലനിര്‍ത്താമെന്ന പുതിയ പ്രസിഡന്റിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകാനാണ് സാധ്യത. വിഘടനവാദം ഉയര്‍ത്തുകയും സപ്തംബര്‍ 24 ന്റെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്ത മോണ്ടെനെഗ്രോ റിപ്പബ്ലികിന്റെ പ്രസിഡന്റ് മിലോ ജുകാനോവിക് കൊസ്റുണിക്കയുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു.
വിഘടന പ്രവര്‍ത്തനങ്ങള്‍ ആരുടെ പക്കല്‍ നിന്നായാലും അംഗീകരിക്കില്ലെന്ന് കോസ്റ്റുണിക്കയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications