എനിക്ക് കാലു തിരിച്ചുകിട്ടുമോ മുത്തച്ഛാ
കൊച്ചി: വേദന മായുന്ന നിമിഷത്തില്‍ വല്യച്ഛന്റെ മാറില്‍ ചാഞ്ഞ് അഷ്ന ചോദിച്ചു: ഇവിടെ നിന്ന് പോകുമ്പോള്‍ എനിക്കെന്റെ കാല് തിരികെ കിട്ടുമോ മുത്തച്ഛാ. മറുപടിയൊന്നും പറയാനില്ലാതെ കുഞ്ഞിനെ മാറോട് ചേര്‍ക്കുകയാണ് വല്യച്ഛന്‍ രാഘവന്‍. കേട്ടുനിന്നവര്‍ കണ്ണീരടക്കി മുഖം തിരിച്ചു.
എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രി കിടക്കയിലാണ് മനം തകര്‍ക്കുന്ന ഈ കാഴ്ച. തിരഞ്ഞെടുപ്പു ദിനത്തില്‍ കൂത്തുപറമ്പില്‍ ബിജെപിക്കാര്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഈ അഞ്ചര വയസ്സുകാരിക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അഷ്ന. മുറ്റത്തുവീണ് പൊട്ടിത്തെറിച്ച ബോംബിന്റെ ശക്തിയില്‍ അഷ്നയുടെ വലതുകാല്‍ തെറിച്ചുപോയി. ഇടതുകാല്‍മുട്ടിന് കീഴെയുള്ള ഭാഗത്ത് കുപ്പിച്ചില്ലുകള്‍ തുളച്ചുകയറി.
മണിക്കൂറുകള്‍ യാത്ര ചെയ്ത് എറണാകുളത്ത് സ്പെഷ്യലിസ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വലതുകാല്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയിലായിരുന്നു. തകര്‍ന്ന നിലയിലായിരുന്ന ഇടതുകാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചണത്തിന്റെ ഫലമായി സുഖപ്പെട്ടുവരുന്നു. പന്ത്രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് അഷ്നയ്ക്ക് വേണ്ടിവന്നത്.
വന്നുപെട്ട ദുരന്തത്തിന്റെ ആഴം ഈ കുരുന്നിന് ഇപ്പോഴും മനസ്സിലായിട്ടില്ല. തന്നോളം വരുന്ന പാവക്കുട്ടികളെ താലോലിച്ചും വര്‍ണപുസ്തകങ്ങളില്‍ മുഖം താഴ്ത്തിയും വേദന മറക്കുകയാണ് അഷ്ന. കളിക്കോപ്പുകളുമായി നിരവധി പേര്‍ വരുമ്പോഴും അഷ്ന തേടുന്നത് അമ്മയെയും അനുജനെയുമാണ്.
ബോംബേറില്‍ അഷ്നയുടെ അമ്മ ശാന്തയ്ക്കും അനുജന്‍ ആനന്ദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍ ഇപ്പോള്‍. ഭാര്യയെയും മകനെയും ശുശ്രൂഷിക്കാനായി അച്ഛന്‍ നാണുവും ആശുപത്രിയിലാണ്. വല്യച്ഛന്‍ രാഘവനും ചെറിയമ്മ കൗസുവും അമ്മാവന്‍ ദാസനുമാണ് അഷ്നയ്ക്ക് കൂട്ട്.
ബോംബ് ചീളുകള്‍ തെറിച്ച് ചിന്നിച്ചിതറിയ ഇടതുകാല്‍ സുഖപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്‍. രാജപ്പന്‍ പറഞ്ഞു. വലതുകാലിന്റെ മുട്ടിന് താഴെ കൃത്രിമകാല്‍ വച്ചുപിടിപ്പിക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. എന്നാല്‍ കാലിലെ മുറിവ് നല്ലപോലെ ഉണങ്ങിയാലേ ഇത് ചെയ്യാനാവൂ. മൂന്നുമാസമെങ്കിലും അഷ്നയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരും.
രാഷ്ട്രീയ അക്രമങ്ങളുടെ അവസാനത്തെ ഇരയായ അഷ്നയെ കാണാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ദിവസേന ആശുപത്രിയില്‍ വരുന്നുണ്ട്.












Click it and Unblock the Notifications