സിപിഎം സംസ്ഥാന സമിതി ഇന്ന്
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ പ്രകടനം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സമിതി ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച യോഗം ചേരുന്നു. യോഗം രണ്ടു ദിവസം നീണ്ടു നില്‍ക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ലെന്ന് അഭിപ്രായമുള്ള ഒട്ടേറെ നേതാക്കള്‍ സിപിഎമ്മിലുണ്ട്. ഭരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും ഇങ്ങിനെ സംഭവിച്ചതിന്റെ കാരണങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉത്തരകേരളത്തിലെ ചിലയിടങ്ങളില്‍ കൈക്കൊണ്ട അടവുനയം തുടരേണ്ടതുണ്ടോ എന്നതും ചര്‍ച്ചാവിഷയമാകും. മുസ്ലിംലീഗുമായി കൈകോര്‍ത്തെങ്കിലും അത് വേണ്ടത്ര ഫലമുണ്ടാക്കിയില്ലെന്ന് ഈ ബാന്ധവത്തിന് മുന്‍കൈയെടുത്തവരില്‍ ചിലര്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അതേസമയം ഐഎന്‍എല്ലിന് കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കിയതിന്റെ ദൂരവ്യാപക ഫലങ്ങളും യോഗം അവലോകനം ചെയ്യും. താരതമ്യേന വര്‍ഗീയത കുറവായി ഇടതുമുന്നണി പൊതുവെ കരുതുന്ന ഐഎന്‍എല്ലുമായി ബാന്ധവമാകാമെന്ന് കരുതുന്ന നേതാക്കളും സിപിഎമ്മിലുണ്ട്.
ഉത്തരകേരളത്തില്‍ താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മധ്യകേരളത്തിലും തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ജില്ലകളിലും ഇടതുമുന്നണിയുടെ പ്രകടനം നിറം മങ്ങിയതായിരുന്നു. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും.
കൊല്ലം കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സിപിഎമ്മിന് നേരിട്ട തിരിച്ചടി ആര്‍എസ്പിയുമായി ഭാവിയില്‍ ഉണ്ടാക്കേണ്ട നടപടികളെക്കുറിച്ചാലോചിക്കാന്‍ സംസ്ഥാന സമിതിയെ നിര്‍ബന്ധിതമാക്കാനിടയുണ്ട്.












Click it and Unblock the Notifications