ജാര്‍ഖണ്ഡ് കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
ദില്ലി: ജാര്‍ഖണ്ഡ് കോഴക്കേസില്‍ മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിനും മുന്‍ കേന്ദ്രമന്ത്രി ബൂട്ടാസിംഹിനും എതിരായ ശിക്ഷാവിധി പ്രത്യേക കോടതി ഒക്ടോബര്‍ 12 വ്യാഴാഴ്ചയിലേക്ക് മാറ്റി.
റാവുവിന്റെ അഭിഭാഷകന്റെ വാദം കേട്ടതിനു ശേഷം സിബിഐ പ്രത്യേക കോടതി ജഡ്ജി അജിത് ബാരിഹോക്കാണ് ശിക്ഷാ വിധി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിധി പറയും.
മൂന്നു വര്‍ഷത്തില്‍ താഴെയാണ് തടവുശിക്ഷയെങ്കില്‍ ആറുമാസം വരെ ഇടക്കാല ജാമ്യം ലഭിക്കും. അഴിമതിനിരോധന നിയമപ്രകാരം ആറുമാസം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷക്ക് വിധിക്കാവുന്നതാണ്.
ശിക്ഷ മൂന്ന് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ കേസ് പുനര്‍വിചാരണ ചെയ്യാന്‍ ഹര്‍ജി നല്‍കുമെന്ന് റാവുവിന്റെ അഭിഭാഷകന്‍ ആര്‍.കെ. ആനന്ദ് പറഞ്ഞു. മൂന്നു വര്‍ഷത്തില്‍ കൂടുതലാണ് ശിക്ഷ ലഭിക്കുന്നതെങ്കില്‍ പ്രത്യേക കോടതി വിധിക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
ഒരു കുറ്റവാളിയെന്ന നിലയില്‍ റാവുവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു. റാവുവിന്റെ സുരക്ഷ മാനിച്ച് അദ്ദേഹത്തെ ഒന്നാം നമ്പര്‍ ജയിലിലായിരിക്കും പാര്‍പ്പിക്കുകയെന്ന് അവര്‍ വ്യക്തമാക്കി.
സപ്തംബര്‍ 29 നാണ് കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കുറ്റവാളിയാണെന്ന് വിധിക്കപ്പെടുന്ന ആദ്യത്തെ മുന്‍ പ്രധാനമന്ത്രിയാണ് നരസിംഹറാവു. 1993 ജൂലായില്‍ റാവു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് എതിരായി വോട്ട് ചെയ്യാന്‍ നാല് ജെഎംഎം എംഎല്‍എമാര്‍ക്ക് കോഴ നല്‍കിയെന്നാണ് കേസ്.












Click it and Unblock the Notifications