ഛോട്ടാരാജന്റെ പാസ്പോര്‍ട്ട് റദ്ദാക്കി
ദില്ലി: അധോലോക നായകന്‍ ഛോട്ടാരാജന്റെ പാസ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം റദ്ദാക്കി.
വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ബാങ്കോക്കിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയമാണ് രാജന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ദില്ലിയില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജനെ ഇന്ത്യക്കു കൈമാറുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികാഭ്യര്‍ത്ഥന തായ്ലണ്ട് സര്‍ക്കാരിന് ഉടന്‍ കൈമാറുമെന്നും അഭ്യര്‍ത്ഥന തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ഛോട്ടാരാജന്‍ ഇപ്പോള്‍ ബാങ്കോക്കിലെ ഒരു ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഔദ്യോഗികാഭ്യര്‍ത്ഥന കൈമാറുന്നതു വരെ രാജനെ തായ്ലണ്ടില്‍ തന്നെ സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തായ് അധികൃതരോടഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ആലോചിച്ചാണ് രാജന്‍കേസ് സംബന്ധിച്ച ഓരോ നീക്കവുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രാജനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications