വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കറന്‍സി റാക്കറ്റ്..?
കൊച്ചി: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിദേശ കറന്‍സി അനധികൃതമായി വിനിമയം ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിബിഐക്ക് വിവരം ലഭിച്ചു. ഒക്ടോബര്‍ 11 ബുധനാഴ്ച തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഒരേ സമയത്ത് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയതോടെയാണിത്. ആരെയും ഇതുവരെ അറസ്റു ചെയ്തിട്ടില്ല.
വിമാനത്താവളങ്ങളിലെ ദേശസാല്‍കൃത ബാങ്ക് കൗണ്ടറിലെ ഉന്നതോദ്യോഗസ്ഥരെയുള്‍പ്പെടെ പ്രതികളാക്കി സിബിഐ ഉടനെ കേസ് രജിസ്റര്‍ ചെയ്യുമെന്നറിയുന്നു. ബാങ്ക് കൗണ്ടറുകളില്‍ നിന്നാണ് വിദേശ കറന്‍സി ഉള്‍പ്പെടെ രേഖകളില്ലാത്ത ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ കണ്ടെടുത്തത്.
വിദേശത്ത് നിന്നും വിമാനമിറങ്ങുന്നവര്‍ കൗണ്ടറുകളില്‍ നല്‍കുന്ന വിദേശ കറന്‍സിക്ക് സാധാരണ വിനിമയനിരക്കില്‍ ഇന്ത്യന്‍ രൂപ നല്‍കിയ ശേഷം കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു പതിവെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. ഇവ വരവ് വെയ്ക്കാതെ പുറമെ നിന്നുള്ള ഏജന്റുമാരില്‍ നിന്ന് പണം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. കരിഞ്ചന്തയിലാകട്ടെ കൂടിയ നിരക്കിലായിരുന്നു വിദേശ കറന്‍സിയുടെ വില്‍പന നടന്നിരുന്നത്.
എറണാകുളം ബ്രോഡ്വേയിലും മറ്റും കേന്ദ്രീകരിച്ചാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നു. റാക്കറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥരെ കൂടാതെ കസ്റംസ്-എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസിലെ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ അധികൃതര്‍ സംശയിക്കുന്നു.
ബുധനാഴ്ച നടന്ന റെയ്ഡില്‍ നെടുമ്പാശ്ശേരി വിമാനത്തവാളത്തിലെ എസ്ബിടി കൗണ്ടറില്‍ നിന്ന് കണക്കില്‍പെടാത്ത 480 ദിനാറും 10,000 രൂപയുമാണ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ 11,000 രൂപയും തിരുവനന്തപുരത്തു നിന്ന് 85,000 രൂപയും കണ്ടെടുത്തു.
സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളും അധോലോക പ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളാകുന്നതായി കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ റെയ്ഡ് നടത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലും കാര്‍ഗോ വിഭാഗത്തിലും ഇതിന് മുമ്പും റെയ്ഡ് നടത്തിയിരുന്നു.
വിദേശത്തേക്ക് അനധികൃതമായി ആളെ കടത്തുന്നതിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കുപ്രസിദ്ധി. തമിഴ് പുലികള്‍ വരെ നെടുമ്പാശ്ശേരി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം. സ്വര്‍ണ്ണം കള്ളക്കടത്തിന്റെ കേന്ദ്രമായാണ് കരിപ്പൂര്‍ അറിയപ്പെടുന്നത്.












Click it and Unblock the Notifications