മുല്ലപ്പെരിയാര്‍ കരാര്‍ പൊളിച്ചെഴുതാന്‍ നീക്കം
തിരുവനന്തപുരം: നൂറ്റാണ്ട് പഴക്കമുള്ള മുല്ലപ്പെരിയാര്‍ നദീജലകരാര്‍ പൊളിച്ചെഴുതാന്‍ കേരളം നീക്കം നടത്തുന്നു. ഇക്കാര്യത്തെക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി കേരളം ചര്‍ച്ചകള്‍ നടത്തി വരുന്നു. കരാര്‍ പൊളിച്ചെഴുതാന്‍ കേരളത്തിന് അവകാശമുണ്ടെന്നു തന്നെയാണ് അഭിഭാഷകരുടെ നിയമോപദേശം എന്നറിയുന്നു. കരാര്‍ മാറ്റിയെഴുതുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അഭിഭാഷകരുടെ ഉപദേശങ്ങള്‍ തേടിയിട്ടുണ്ട്.
കുടി വെള്ളത്തിനും ജലസേചനത്തിനും വേണ്ടി മാനുഷിക പരിഗണനയുടെ പേരില്‍ തമിഴ്നാടിന് വെള്ളം നല്‍കാനായിരുന്നു മുല്ലപ്പെരിയാര്‍ കരാറില്‍ കേരളം ഏര്‍പ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ തമിഴ്നാട് വൈദ്യുതി ഉത്പാദിപ്പിക്കാനും മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നു. മാത്രമല്ല, കേരളത്തിന് അപകടകരമാം വിധം ഡാമിന്റെ ഉയരം ക്രമാതീതമായി ഉയര്‍ത്താനുള്ള ശ്രമത്തിലുമാണ് തമിഴ്നാട് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് നൂറ്റാണ്ട് പഴക്കമുള്ള കരാരിന് ഇപ്പോള്‍ നിയമസാധുതയില്ലെന്ന വാദമുയര്‍ത്തി കരാര്‍ പൊളിച്ചെഴുതാന്‍ കേരളം നീക്കം നടത്തുന്നത്.
ഡാമിന്റെ ഉയരം കൂട്ടുന്നത് ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അത് ഭീഷണിയാകും. അതിനാല്‍ കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
തമിഴ്നാടിന്റെ ആവശ്യപ്രകാരം കേന്ദ്രം ഏകപക്ഷീയമായി രൂപീകരിച്ച ഒരു വിദഗ്ധ സമിതി കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ജലനിരപ്പ് 136 അടിയില്‍ നിന്നും ഉയര്‍ത്തുന്നതു കൊണ്ട് ഡാമിന് അപകടമില്ലെന്ന അഭിപ്രായമാണ് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും. സമിതിയില്‍ കേരളത്തില്‍ നിന്ന് ഒരംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹം ഡാമിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടിയെങ്കിലും ഭൂരിപക്ഷം അംഗങ്ങളും തമിഴ്നാട് വാദത്തെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ വിധി തമിഴ്നാടിന് അനുകൂലമായിട്ടായിരിക്കും വരിക.
ഈ സാഹചര്യത്തിലാണ് കരാര്‍ പൊളിച്ചെഴുതാന്‍ കേരളം നീക്കം നടത്തുന്നത്.












Click it and Unblock the Notifications