മുണ്ട് നിരോധിച്ച കോളേജിനെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: കോളേജില്‍ വിദ്യാര്‍ത്ഥികള്‍ മുണ്ടുടുക്കുന്നത് നിരോധിച്ച തിരുവനന്തപുരം വാഴിച്ചാല്‍ ഇമ്മാനുവേല്‍ കോളേജ് അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേരള സര്‍വകലാശാല സിണ്ടിക്കേറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
കോളേജിന്റെ അഫിലിയേഷന്‍ പിന്‍വലിക്കാതിരിക്കാന്‍ കാരണമെന്തെങ്കിലുമുണ്ടെങ്കില്‍ അത് ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിണ്ടിക്കേറ്റ് കമ്മിറ്റി കോളേജ് അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
മുണ്ടുടുക്കുന്നത് നിരോധിക്കുകയും കോളേജില്‍ വിദേശ വസ്ത്രധാരണരീതി ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ സിറിയക് പഞ്ഞിക്കാരന്‍ സര്‍വകലാശാലാ നിയമങ്ങളെ ധിക്കരിക്കുകയും സര്‍വകലാശാലയെ അവഹേളിക്കുകയുമായിരുന്നുവെന്ന് സിണ്ടിക്കേറ്റ് കമ്മിറ്റി വിലയിരുത്തി.
കോളേജ് അധികൃതര്‍ സര്‍വകലാശാലയെ അറിയിക്കാതെ കോളേജിന്റെ പ്രോസ്പെക്ടസില്‍ പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കുകയും അഡ്മിഷന്‍ സമയത്ത് സര്‍വകലാശാലയെ ധിക്കരിക്കുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുകയും ചെയ്തുവരുന്നതായി അന്വേഷണക്കമ്മിറ്റി കണ്ടെത്തി. ഇക്കാര്യത്തില്‍ കമ്മിറ്റി കോളേജ് അധികൃതരെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
കോളേജില്‍ മുണ്ടുടുക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയ കോളേജ് പ്രിന്‍സിപ്പലിന്റെ നടപടി കേരളത്തില്‍ അടുത്തിടെ വന്‍വിവാദമുയര്‍ത്തിയിരുന്നു. വിദ്യാര്‍ത്ഥിസംഘടനകളും സാംസ്കാരിക നായകരും കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ചില വിശേഷ ദിവസങ്ങളില്‍ മാത്രം മുണ്ട് ധരിക്കാനുള്ള അനുവാദം കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തി. ഈ വിശേഷദിവസങ്ങളാകട്ടെ മിക്കതും പൊതു അവധിദിനങ്ങളാണു താനും.












Click it and Unblock the Notifications