ഗുരുവായൂരില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കിയേക്കും
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കുന്നതിന് നിയമഭേദഗതി വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് സംസ്ഥാന ദേവസ്വം മന്ത്രി സി.കെ. നാണു പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരമ്പരാഗത അനുഷ്ഠാനങ്ങളെയോ പരിപാവനതയെയോ ബാധിക്കാത്ത വിധത്തിലായിരിക്കും ഇത് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുംമുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവും.
എല്ലാ വിശ്വാസികള്‍ക്കും ദേവസ്വം കമ്മിറ്റിയില്‍ അംഗങ്ങളാവാമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ പറയുന്നുണ്ട്.
വയലാര്‍ രവിയുടെ മകന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം നടത്തിയതു പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആ സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. ക്ഷേത്രാനുഷ്ഠാനങ്ങളുടെ മുഴുവന്‍ ചുമതലയും തന്ത്രിക്കാണ്.
പുണ്യാഹവിവാദവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും എല്‍ഡിഎഫ് ഉന്നതാധികാരി സമിതി ചര്‍ച്ച ചെയ്യും-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications