ക്ഷേത്രം പണി അനുവദിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ : ആര്‍ എസ് എസ്
ആഗ്ര: അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ അനുവദിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആര്‍ എസ് എസ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. രാമജന്മഭൂമി പ്രശ്നത്തിലും ഭരണഘടനയുടെ 370-ാം വകുപ്പിന്റെ കാര്യത്തിലും തങ്ങളുടെ നിലപാടില്‍ ബിജെപി വെള്ളം ചേര്‍ക്കുകയാണെന്ന് ആര്‍ എസ് എസ് ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ ഈ പ്രശ്നങ്ങളാണ് ആ പാര്‍ട്ടിയെ ഭരണത്തിലേറ്റിയതെന്ന കാര്യം മറക്കരുതെന്ന് ആര്‍ എസ് എസ് മുഖ്യ സംഘാടകന്‍ സുരേഷ് റാവു കേത്കര്‍ ഒക്ടോബര്‍ 14 ശനിയാഴ്ച വാര്‍ത്താഏജന്‍സിക്കു നല്‍കിയ ഒരഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു.
രാമജന്മഭൂമിയില്‍ ക്ഷേത്രം വേണമെന്നത് ഈ രാജ്യത്തെ ജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് ആര്‍ എസ് എസ് നേതാവ് പറഞ്ഞു. ഇക്കാര്യം നിഷേധിക്കുന്ന ഏത് സര്‍ക്കാരും തിരഞ്ഞെടുപ്പില്‍ ജനരോഷത്തിനിരയാകുമെന്ന് കേത്കര്‍ മുന്നറിയിപ്പു നല്‍കി. 1990 ല്‍ കര്‍സേവകര്‍ക്കു നേരെ പൊലീസ്വെടിവയ്പു നടത്തിയതാണ് മുലായം സിങ്ങ് യാദവിന് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമാകാന്‍ കാരണം.
മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടികളേക്കാളുമധികം ആര്‍ എസ് എസ് ആശയങ്ങളുമായി അടുത്തു നില്‍ക്കുന്ന പാര്‍ട്ടി ബി ജെ പിയാണെന്നും ആ പാര്‍ട്ടിയുടെ മുന്നണി സമ്മര്‍ദ്ദങ്ങള്‍ ആര്‍ എസ് എസ് മനസ്സിലാക്കുന്നുവെന്നും ആര്‍ എസ് എസ് നേതാവ് പറഞ്ഞു. എന്നാല്‍ ദേശീയ ജനാധിപുത്യമുന്നണിയിലെ മറ്റ് ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും സമതാപാര്‍ട്ടിയും അവരുടെ അജണ്ടകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്തതു പോലെ ബി ജെ പിയും തങ്ങളുടെ അജണ്ടയില്‍ വെള്ളം ചേര്‍ക്കരുതെന്ന് കേത്കര്‍ ഓര്‍മ്മിപ്പിച്ചു.
അയോധ്യ പ്രശ്നത്തില്‍ സുപ്രീംകോടതിയുടെ വിധി എന്തായിരുന്നാലും ആര്‍ എസ് എസ് അത് മാനിക്കുമെന്ന് കേത്കര്‍ അറിയിച്ചു. എന്നാല്‍, രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കണക്കിലെടുത്ത് കോടതി ക്ഷേത്രം പണിയുന്നതിനനുകൂലമായി തീരുമാനമെടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്.












Click it and Unblock the Notifications