പാലക്കാട് ബിജെപി നേതാക്കള്‍ ഏറ്റുമുട്ടി
പാലക്കാട്: നഗരസഭാ വൈസ് ചെയര്‍മാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ബിജെപിയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ വിമതനേതാവ് എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, ബിജെപി ജില്ലാ സെക്രട്ടറി എന്‍. ശിവരാജന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു.
പാലക്കാട് നഗരസഭയിലേക്ക് ബിജെപി പിന്തുണയോടെ വിജയിച്ച വൈസ്ചെയര്‍മാന്‍ മുസ്ലിംലീഗിലെ പി.എ. നൂര്‍ മുഹമ്മദിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷമായിരുന്നു സംഘട്ടനം. പാര്‍ട്ടി തീരുമാനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ നൂര്‍ മുഹമ്മദ് രാജിവെക്കുകയും ചെയ്തു.
ബിജെപി പിന്തുണയോടെ ലഭിച്ച വൈസ്ചെയര്‍മാന്‍സ്ഥാനം താന്‍ സ്വീകരിക്കില്ലെന്ന് നൂര്‍ മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ പിരിച്ചുവിട്ട ഉടനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നൂര്‍മുഹമ്മദ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയും ചെയ്തു.
ഇതിനു ശേഷമാണ് ബിജെപി നേതാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. ബിജെപി ജില്ലാ സെക്രട്ടറി ശിവരാജന്‍ പത്രലേഖകരുമായി സംസാരിച്ചുകൊണ്ടിരിക്കെ എസ്.ആര്‍. പക്ഷം തര്‍ക്കവുമായി മുന്നോട്ടുവന്നു. ഇതിനിടെ ബാലസുബ്രഹ്മണ്യം രംഗത്തെത്തുകയും വാക്കുതര്‍ക്കം രൂക്ഷമായി അടിയില്‍ കലാശിക്കുകയും ചെയ്തു. അടിയും ചവിട്ടുമേറ്റ ശിവരാജനെ പാര്‍ട്ടി അണികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
മാസങ്ങള്‍ക്കു മുമ്പ് സംഘടനാപ്രശ്നങ്ങളെത്തുടര്‍ന്നാണ് ബിജെപിയില്‍ വിമതശല്യം ഉടലെടുത്തത്. തുടര്‍ന്ന് എസ്.ആര്‍. ബാലസുബ്രഹ്മണ്യന്റെ നേതൃത്വതത്തിലുള്ളവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ അവര്‍ വേറൊരു ഗ്രൂപ്പായി തന്നെയാണ് മത്സരിച്ചതും.
പുതിയ പാലക്കാട് നഗരസഭയില്‍ ബിജെപി ഔദ്യോഗിക വിഭാഗത്തിന് എട്ടും വിമതവിഭാഗത്തിന് ഒരു സ്വതന്ത്രനടക്കം നാലും കൗണ്‍സിലര്‍മാരാണുള്ളത്.












Click it and Unblock the Notifications