പുണ്യാഹവിവാദം സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു
തിരുവനന്തപുരം: ഗുരുവായൂരിലെ പുണ്യാഹ പ്രശ്നം കേരള സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുണ്യാഹപ്രശ്നം സര്‍ക്കാര്‍ ഒരു പ്രചരണായുധമാക്കി എന്ന് കരുണാകരന്‍ ആരോപിച്ചു.
ഹിന്ദു ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്ന വിശ്വാസക്കാരനാണ് ഞാന്‍. ഇതു മുന്നില്‍ കണ്ടാണ് എഴുപതുകളില്‍ ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ പാസ്സാക്കിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവു പ്രകാരം അത് പിന്‍വലിക്കേണ്ടിവന്നു, തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് കരുണാകരന്‍ പറഞ്ഞു.
ഒരു വിശ്വാസിയെന്ന നിലയില്‍ താന്‍ ഒരിക്കലും ഗുരൂവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച എല്ലാ ഉത്തരവാദിത്തവും ക്ഷേത്രം തന്ത്രിയുടെ ചുമലിലാണ് എന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകന്‍ ഈഴവസമുദായത്തില്‍ പെട്ടതുകൊണ്ടാണ് തന്ത്രി പുണ്യാഹത്തിന് നിര്‍ദ്ദേശിച്ചതെന്ന വയലാര്‍ രവിയുടെ ആരോപണത്തെ ഒരു കോണ്‍ഗ്രസ്സുകാരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം അപലപിച്ചു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ യഥാര്‍ത്ഥ താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ പ്രശ്നം മുമ്പേ ഒത്തുതീര്‍പ്പാകുമായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു. വിവിധ മതനേതാക്കളും മറ്റുമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യമുള്ള കാര്യങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications