സൗദി വിമാനം റാഞ്ചി
കെയ്റോ: സൗദി എയര്‍ലൈന്‍സിന്റെ ബോയിംഗ് 777-200 വിമാനം റാഞ്ചി ഡമാസ്കസിലേയ്ക്കു കൊണ്ടു പോയതായി ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദയില്‍ നിന്നു ലണ്ടനിലേയ്ക്കു പോകുകയായിരുന്ന വിമാനമാണ് റാഞ്ചിയത്. വിമാനം ഈജിപ്തിന്റെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിച്ചപ്പോളാണ് ഇന്ത്യന്‍ സമയം വൈകുന്നേരം 6. 25 ന് കണ്ട്രോള് ടവറില്‍ ഇതേപ്പറ്റി വിവരം ലഭിച്ചതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു.
വിമാനം റാഞ്ചപ്പെട്ടിരിക്കുകയാണെന്നും റാഞ്ചികള്‍ ഡമാസ്കസിലേയ്ക്കു പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് വിമാനത്തില്‍ നിന്നും കിട്ടിയ വിവരം. അതിനു ശേഷം വിമാനം ഗ്രീസിന്റെ ആകാശാതിര്‍ത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് വിമാനവുമായുള്ള റേഡിയോബന്ധവും നിലച്ചിരിക്കുകയാണ്. എന്നാല്‍ ഈ വാര്‍ത്തയോട് സൗദി എയര്‍ലൈന്‍സ് ഇതു വരെ പ്രതികരിച്ചിട്ടില്ല.