ഐസിഐസിഐ ഭവനവായ്പാ പദ്ധതി കേരളത്തിലും
കൊച്ചി: ഐസിഐസിഐയുടെ ഭവനവായ്പാ പദ്ധതി കേരളത്തിലും നടപ്പാക്കുന്നു. കമ്പനിയുടെ ഹോംലോണ്‍ വിഭാഗം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചിയിലാണ്. ഡിസംബര്‍ 31 നകം സംസ്ഥാനത്തൊട്ടാകെ സേവനം നല്‍കാന്‍ കഴിയും വിധം പ്രവര്‍ത്തന ശൃംഖല വ്യാപിപ്പിക്കുമെന്ന് സീനിയര്‍ മാനേജര്‍ അഞ്ജന്‍ ബാനര്‍ജി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉപഭോക്താക്കളെ ഒരിക്കല്‍പ്പോലും ഓഫീസുകളില്‍ വരുത്താതെ വാതില്‍പ്പടിക്കല്‍ സേവനം നല്‍കുകയാണ് ഐസിഐസിഐയുടെ പ്രഖ്യാപിതലക്ഷ്യം. മറ്റ് ഭവന വായ്പാസ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വായ്പയാണ് കമ്പനി ഈടാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 12 ശതമാനവും പത്ത് വര്‍ഷം വരെ 12.75 ശതമാനവും 11 മുതല്‍ 20 വര്‍ഷം വരെ 13.25 ശമാനവും 21 മുതല്‍ 30 വര്‍ഷം വരെ 13.35 ശതമാനവുമാണ് ഐസിഐസിഐ ഹോംഫിനാന്‍സിന്റെ പലിശനിരക്ക്.
വിദേശ ഇന്ത്യാക്കാര്‍ക്ക ്11.75 ശതമാനമാണ് പലിശ നിരക്ക്.
ഒരു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്ന കമ്പനി വീടു വയ്ക്കാനും വീടു വാങ്ങാനും വായ്പ നല്‍കും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് 45 കോടി രൂപ വായ്പ ഇനത്തില്‍ നല്‍കാന്‍ കമ്പനി ഉദ്ദേശിക്കുന്നു.
ഐസിഐസിഐ മാര്‍ക്കറ്റിംഗ് ഓഫീസുകളില്‍ ഫോണ്‍ ചെയ്താല്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ വായ്പ എടുക്കാനാഗ്രഹിക്കുന്നവരെ വീടുകളില്‍ ചെന്നു കാണുകയും അപേക്ഷ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. നാല്‍പത്തെട്ടു മണിക്കൂറിനകം വായ്പ ലഭ്യമാണോയെന്നും എന്തെല്ലാം രേഖകള്‍ ആവശ്യമുണ്ടെന്നും ഉപഭോക്താവിനെ അറിയിക്കും. കൃത്യമായ രേഖകള്‍ നല്‍കി 15 ദിവസത്തിനകം വായ്പ ലഭ്യമാക്കും.
വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ 85 ശതമാനം വരെ ഐസിഐസിഐ വായ്പ നല്‍കും. 65 വയസ്സോ 30 വര്‍ഷമോ ആണ് വായ്പ തിരിച്ചടക്കാനുള്ള കാലാവധി. ശമ്പളത്തില്‍ നിന്നു പിടിക്കുന്ന രീതിയിലോ മുന്‍കൂര്‍ ചെക്കുകളായോ പണം തിരിച്ചടക്കാന്‍ സൗകര്യമുണ്ട്. വായ്പാ തിരിച്ചടവിനെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കും. അധികവസ്തു ജാമ്യം, ഒന്നില്‍ കൂടുതല്‍ ആള്‍ ജാമ്യം തുടങ്ങിയ കടമ്പകളൊന്നും ഈ ഐസിഐസിഐ വായ്പാ പദ്ധതിക്കില്ല.
0484- 380832, 98460-52888 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ ഐ സി ഐ സി ഐ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ബന്ധപ്പെടാനാകും.












Click it and Unblock the Notifications