ന്യൂനപക്ഷങ്ങള്‍ ഹിന്ദു പാരമ്പര്യം സ്വീകരിക്കണം - സുദര്‍ശന്‍
ആഗ്ര: മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഹിന്ദു പാരമ്പര്യം സ്വീകരിച്ച് രാജ്യത്തിന്റെ സാംസ്കാരിക മുഖ്യധാരയിലേക്ക് വരണമെന്ന് ആര്‍എസ്എസ് മേധാവി കെ.എസ്. സുദര്‍ശന്‍. ഒക്ടോബര്‍ 15 ഞായറാഴ്ച ആര്‍എസ്എസ് ദേശീയ സുരക്ഷാ ക്യാമ്പിന്റെ സമാപനസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാം പ്രകാശ് ഗുപ്ത എന്നിവരും പങ്കെടുത്തു.
ഓരോ മുസ്ലിമിന്റെ സിരകളിലും രാമന്റെയും കൃഷ്ണന്റെയും രക്തമാണെന്ന് അവകാശപ്പെട്ട സുദര്‍ശന്‍ മുസ്ലിംങ്ങള്‍ ബാബറുമായി തങ്ങളെ ബന്ധപ്പെടുത്തുന്നതിനെയും ചോദ്യം ചെയ്തു. ഇസ്ലാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനില്‍ പോലും ബാബറിന്റെ ശവക്കല്ലറ ആരും ശ്രദ്ധിക്കാനില്ലാതെ പോയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിലരൊഴിച്ച് മുസ്ലിംങ്ങളുടെ ഒരു പിതാമഹന്മാരും വിദേശത്തുനിന്നു വന്നവരല്ല. അവരുടെ വേരുകള്‍ ഇന്ത്യയിലാണ്. ഇറാനിയന്‍ മുസ്ലിംങ്ങള്‍ സൂഫിസം ഉണ്ടാക്കിയതുപോലെ എന്തുകൊണ്ടാണ് അവര്‍ ഇസ്ലാമിന്റെ മറ്റൊരു രൂപം ഇവിടെ ഉണ്ടാക്കിയില്ല - സുദര്‍ശന്‍ പറഞ്ഞു. ഇന്ത്യാവിഭജനം മനുഷ്യചരിത്രത്തില്‍ സംഭവിച്ച വലിയ വങ്കത്തമാണെന്ന് പാകിസ്ഥാനിലെ മുത്താഹിദ ക്വാമി പ്രസ്ഥാനത്തിന്റെ മേധാവി അല്‍ത്തഫ് ഹുസൈന്‍ പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മതങ്ങളും ഒരുപോലെയല്ല എന്ന മാര്‍പ്പാപ്പയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ മതങ്ങളും ഒരു പോലെയാണ് എന്നംഗീകരിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരെ മാത്രമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.നമ്മള്‍ക്ക് മതപരിവര്‍ത്തനം ആവശ്യമില്ല. വത്തിക്കാന്റെ നിലപാട് ഇന്ത്യയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും അംഗീകരിക്കുകയാണ്. ഇംഗ്ലണ്ടിലും സ്കോട്ട്ലാണ്ടിലും അയര്‍ലണ്ടിലും സ്ഥിതി വ്യത്യസ്തമാണ് .അവിടെ അവര്‍ക്ക് അവരവരുടെ ക്രിസ്ത്യന്‍ സഭകളാണ് ഉള്ളത്.അങ്ങിനെയിരിക്കെ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ വത്തിക്കാന്റെ മറ്റു മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ല. മോക്ഷം നേടാന്‍ വേറെയും വഴികളുണ്ടെന്ന കാര്യം അവര്‍ അംഗീകരിക്കണം - സുദര്‍ശന്‍ പറഞ്ഞു.
ഇന്ത്യയില്‍ സ്വദേശി സഭകള്‍ വേണമെന്നും ഇസ്ലാം ഭാരതവല്‍ക്കരിക്കണമെന്നും സുദര്‍ശന്‍ അടുത്തിടെ ആവശ്യപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications