ആദ്യത്തെ ദളിത് പാര്‍ട്ടി രൂപം കൊണ്ടു
കൊച്ചി: രാജ്യത്തെ ദളിത് വിഭാഗക്കാര്‍ക്ക് മാത്രമായി രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു. എറണാകുളത്ത് മദ്രാസ് കഫെ ഓഡിറ്റോറിയത്തില്‍ ആദിവാസി നേതാവ് സി.കെ. ജാനു പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഷെഡ്യൂള്‍ഡ് കാസ്റ്സ്, ട്രൈബ്സ് ആന്റ് ദളിത് ക്രിസ്ത്യന്‍സ് പാര്‍ട്ടി (എസ്ഡിപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. രൂപീകരണയോഗത്തില്‍ പട്ടികജാതി സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. കുമാരന്‍ അധ്യക്ഷത വഹിച്ചു.
ദളിത് വിഭാഗങ്ങളുടെ രാഷ്ട്രീയ മോചന പ്രഖ്യാപനമാണ് പുതിയ പാര്‍ട്ടിയെന്ന് സി.കെ. ജാനു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെയാണ് പാര്‍ട്ടി പ്രതിനിധീകരിക്കുന്നത്. ഇനി മുതല്‍ ദളിതര്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെയോ കോണ്‍ഗ്രസ്സിന്റെയോ രാഷ്ട്രീയ അടിമകളല്ല - ജാനു പറഞ്ഞു.
വംശനാശം നേരിടുന്ന പട്ടികവര്‍ഗ്ഗക്കാരെ സംരക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും ജാനു ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷയായ കവയിത്രിയും മറ്റു സാംസ്കാരിക നായകരും ആദിവാസികള്‍ നേരിടുന്ന വംശനാശം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് അവരുടെ വര്‍ഗസ്വഭാവമാണ് വ്യക്തമാക്കുന്നത് - അവര്‍ ചൂണ്ടിക്കാട്ടി.
മറ്റു ദളിത് സംഘടനകളെല്ലാം പിരിച്ചുവിട്ട് പുതിയ സംഘടനയില്‍ അണിചേരണമെന്ന് ജാനു അഭ്യര്‍ത്ഥിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
എസ്ഡിപിയുടെ ചെയര്‍മാനായി കെ.വി. കുമാരനെയും ജനറല്‍ സെക്രട്ടറിമാരായി സി.കെ. ജാനു, ജോഷി തിട്ടയില്‍, സി.എ. തങ്കച്ചന്‍ എന്നിവരെയും രൂപീകരണ സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും.












Click it and Unblock the Notifications