ആവശ്യം വന്നാല്‍ ഇന്ത്യയില്‍ ബോംബിടും - മുഷാറഫ്
വാഷിംഗ്ടണ്‍: തങ്ങളുടെ സുരക്ഷ അപകടത്തിലാവുകയാണെങ്കില്‍ ഇന്ത്യയില്‍ അണുബോംബ് വര്‍ഷിക്കുമെന്ന് പാകിസ്ഥാന്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷാറഫ്.
ഒരിക്കലും ഞാനിത് ആദ്യം ഉപയോഗിക്കില്ല. പക്ഷെ അവരുടെ (ഇന്ത്യയുടെ) നേരെ എപ്പോള്‍ പ്രയോഗിക്കുമെന്ന് ചോദിച്ചാല്‍ എനിക്കൊരുത്തരമേയുള്ളൂ... പാകിസ്ഥാന്റെ സുരക്ഷ അപകടത്തിലായാല്‍. അപ്പോള്‍ മാത്രമേ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ - സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു.
പാകിസ്ഥാന് അണുബോംബുള്ളതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മുഷാറഫ് ഇത് വളരെ സുരക്ഷിതവുമാണെന്ന് അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരിക്ക് ഇതിന്റെ മേല്‍ എല്ലാ നിയന്ത്രണവുമുണ്ടെന്ന് ഞാന്‍ ഉറപ്പുതരുന്നു - മുഷാറഫ് വ്യക്തമാക്കി.
അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏതു നഗരത്തെയും ലക്ഷ്യംവെക്കാന്‍ കഴിയുന്ന 25 മുതല്‍ 35 വരെ അണുബോംബുകള്‍ പാകിസ്ഥാന്റെ പക്കലുണ്ടെന്നാണ് കരുതുന്നത്.
പാകിസ്ഥാനില്‍ അമേരിക്കക്കുള്ള അവസാന പ്രതീക്ഷയാണ് പര്‍വേസ് മുഷാറഫ് എന്ന് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ആന്‍റണി സിന്നി ടെലിവിഷനോട് പറഞ്ഞു. അണുബോംബ് വര്‍ഷിക്കുന്നത് തടയാന്‍ മുഷാറഫിന് സാധിച്ചില്ലെങ്കില്‍ പാകിസ്ഥാനിലെ മതമൗലികവാദികള്‍ ഇസ്ലാമികബോംബിന്റെ നിയന്ത്രണം കൈയടക്കുമെന്നാണ് അമേരിക്കന്‍ അധികൃതര്‍ പൊതുവെ കരുതുന്നത്.












Click it and Unblock the Notifications