മുംബൈയിലും പഞ്ചകര്‍മ ചികിത്സ
മുംബൈ: ഇന്ത്യയുടെ വാണിജ്യ തലസഥാനമായ മുംബൈയിലും കേരളത്തിന്റെ തനത് ചികിത്സാവിധിയായ ആയുര്‍വേദ പഞ്ചകര്‍മ ചികിത്സയ്ക്ക് സൗകര്യം. മുംബൈയിലെ മാദ് ദ്വിപിലുള്ള അക്സാ ബീച്ചിലാണ് പഞ്ചനക്ഷത്രസൗകര്യങ്ങളോടെയുള്ള ഈ പഞ്ചകര്‍മ ചികിത്സാ കേന്ദ്രം. മലാഡ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്ററും മുംബൈ ആഭ്യന്തര വിമാനത്താവളത്തില്‍ നിന്ന് 23 കിലോമീറ്ററും അകലെയാണ് ഈ കേന്ദ്രം.
കേരളത്തില്‍ ലഭ്യമാകുന്ന അതേ ആയുര്‍വേദ ചികിത്സകള്‍ ഇവിടെയും ലഭിക്കുന്നു. കേരളത്തിലെ സഹ്യാദ്രി റിസോര്‍ട്സിന്റെ ഒരു ശാഖയാണ് ഈ കേന്ദ്രം. ഒരു ആയുര്‍വേദ ഡോക്ടറും അഞ്ച് സഹായികളും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു.
രോഗശാന്തിക്കും നവ ചൈതന്യമാര്‍ജ്ജിക്കുന്നതിനും ഇവിടെ 17 തരം ചികിത്സാവിധികളുണ്ട്. ഒരു ദിവസം മുതല്‍ 14 ദിവസം വരെ നീളുന്ന ചികിത്സകളാണ് ഇവ. സര്‍വരോഗസംഹാരിയായ പഞ്ചകര്‍മം കൂടാതെ പിഴിച്ചില്‍, ഞവരക്കിഴി, കളരി മര്‍മം, കര്‍ണപൂരണം, തര്‍പണം, അഭയാംഗം, സ്നേഹപാനം, മുഖലേപനം എന്നീ ചികിത്സാവിധികള്‍ ഇവിടെ നടത്തുന്നു.
ഒരു തവണത്തെ പിഴിച്ചിലിന് 1,975 രൂപയാണ് ചെലവ്. രോഗത്തിന്റെ കാഠിന്യവും രോഗിയുടെ ധനസ്ഥിതിയുമനുസരിച്ച് 14 ദിവസം വരെ പിഴിച്ചില്‍ നീട്ടാം. ഞവരക്കിഴി ഒരു പിടിത്തത്തിന് 1,600 രൂപയാണ് ചെലവ്. ഇതും 14 ദിവസം വരെ നടത്താം.
ചെവി വൃത്തിയാക്കുന്നതിനുള്ള കര്‍ണപൂരണ ചികിത്സയ ഒരു തവണ നടത്തുന്നതിനുള്ള ചിലവ് 375 രൂപ. കണ്ണുകള്‍ക്ക് തെളിച്ചമേകുന്ന തര്‍പണ ചികിത്സയ്ക്ക് 750 രൂപയും ശരീരത്തിന്റെ മൊത്തം ഉണര്‍വിനായുള്ള അഭയാംഗന ചികിത്സയ്ക്ക് ഒരു തവണ 975 രൂപയുമാണ് ചിലവ്.
മറ്റൊരു ഉണര്‍വു ചികിത്സയായ സ്നേഹപാനത്തിന് ഒരു തവണ 275 രൂപ ചിലവാകും. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുഖലേപനം ഒരു തവണ നടത്താന്‍ 975 രൂപ മുടക്കണം. കളരി മര്‍മ ചികിത്സയും ഇവിടെ നടത്തുന്നുണ്ട്.
ആയുര്‍വേദ ചികിത്സ തേടി ആളുകള്‍ കേരളത്തിലേയ്ക്ക് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് മുംബൈയില്‍ പഞ്ചകര്‍മ ചികിത്സാ കേന്ദ്രം തുടങ്ങിയതെന്ന് ശാഖാമാനേജര്‍ അഞ്ജു പ്രകാശ് അറിയിച്ചു. ഡോ . സി രതീഷ്കുമാര്‍ ആണ് ചികിത്സകള്‍ക്ക് മേല്‍ നോട്ടം നടത്തുന്നത്.












Click it and Unblock the Notifications