ഗോപാല്‍ തിരിച്ചെത്തി, വീരപ്പന്‍ പുതിയ ഉപാധി വച്ചു
ചെന്നൈ: വീരപ്പന്റെ തടവില്‍ നിന്ന് രാജ്കുമാറിനെ മോചിപ്പിക്കുന്നതിനുള്ള അഞ്ചാം വട്ട ദൗത്യവും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നക്കീരന്‍ എഡിറ്റര്‍ ആര്‍ ആര്‍ ഗോപാല്‍ ഒക്ടോബര്‍ 17 ചൊവാഴ്ച രാവിലെ ചെന്നൈയില്‍ തിരിച്ചെത്തി.
അഞ്ചാം വട്ട ദൗത്യത്തിന് ഗോപാലിനൊപ്പം പുറപ്പെട്ട മറ്റ് ദൗത്യസംഘത്തിലെ മറ്റംഗങ്ങളായ പി നെടുമാരന്‍, പ്രഫ. കല്യാണി, ജി സുഗുമാരന്‍ എന്നിവര്‍ ചൊവാഴ്ച ഉച്ചയോടെ ചെന്നൈയില്‍ എത്തും. ഇവര്‍ വന്നെത്തിയാലുടന്‍ ഗോപാല്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി ചര്‍ച്ചകള്‍ നടത്തും. ഗോപാല്‍ തിങ്കളാഴ്ച രാത്രി തന്നെ കാട്ടില്‍ നിന്നു തിരിച്ചിരുന്നതായി നക്കീരന്‍ എസിസ്റ്റന്റ് എഡിറ്റര്‍ എ കാമരാജ് അറിയിച്ചു.
ഇതിനിടെ രാജ്കുമാറിനെ വിട്ടയയ്ക്കുന്നതിന് വീരപ്പന്‍ മറ്റൊരു ഉപാധി കൂടി വച്ചതായി അറിയുന്നു. രാജ്കുമാറിനെ വിട്ടയയച്ചതിനു ശേഷം തനിക്കെതിരേ ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നതാണ് ഇത്. തന്നെ കാട്ടില്‍ നിന്നു പിടിക്കാനോ സൈനികമായി നേരിടാനോ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ തുനിയരുതെന്നാണ് വീരപ്പന്റെ പുതിയ ആവശ്യം. ഇക്കാര്യത്തെക്കുറിച്ചായിരിക്കും ഇന്ന് ദൂതന്മാര്‍ കരുണാനിധിയുമായി ചര്‍ച്ചകള്‍ നടത്തുക.












Click it and Unblock the Notifications