ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കുമെന്ന് മുഷാറഫ്
ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷാറഫ് പ്രത്യാശ പ്രകടിപ്പിച്ചു. ബിബിസി (ഉറുദു)യ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും അദ്ദേഹം തള്ളി.
2003ഓടു കൂടി ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും അഴിമതി രാഷ്ട്രീയത്തിന്റെയും പിടിയില്‍ നിന്നും പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ മോചിപ്പിക്കുമെന്ന് മുഷാറഫ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥ ശക്തമാകുന്നതോടെ ഈ രണ്ടു അന്താരാഷ്ട്ര ഏജന്‍സികളെയും അവലംബിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പു നടത്താനും മറ്റുമായി താന്‍ ഇപ്പോള്‍ താഴേത്തട്ടിലെ ജനാധിപത്യം പ്രതിനിധീകരിക്കുന്നവരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മുഷാറഫ് പറഞ്ഞു. ജില്ലാതലത്തില്‍ രാഷ്ട്രീയ നേതൃത്വം വരാനുള്ള സാഹചര്യം ഉണ്ടെങ്കിലും പണത്തിന്റെ കുറവു കാരണം പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ രാഷ്ട്രീയത്തെ ഭരിക്കുന്നത് പണവും, ഫ്യൂഡല്‍ പ്രഭുക്കളും, വംശപാരമ്പര്യവുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് രാജ്യത്ത് യഥാര്‍ത്ഥ ജനാധിപത്യം കൊണ്ടവരാനാണ് താന്‍ ശ്രമിക്കുന്നത്. ജില്ലാതല തിരഞ്ഞെടുപ്പ് നടത്താമോ എന്ന് ഉറപ്പുവരുത്താന്‍ താന്‍ അടുത്ത മാസം രാജ്യമുടനീളം പര്യടനം നടത്തും. എന്നാല്‍ ആദ്യകാല രാഷ്ട്രീയനേതാക്കളെ വീണ്ടും രാഷ്ട്രീയത്തിലെത്താന്‍ താനനുവദിക്കില്ല - മുഷാറഫ് വ്യക്തമാക്കി.
2002 ഒക്ടോബറോടു കൂടി രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി മുഷാറഫിനോടാവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications