ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് കരം ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ വിവരസാങ്കേതിക വിദ്യാ മേഖലയുടെ വികസനത്തിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഇടുന്നതിന് കരം ഈടാക്കേണ്ടതില്ലെന്ന കേരള സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഭൂമിക്കടിയിലൂടെ കേബിളുകള്‍ ഇടുന്നതിന് ബിപിഎല്‍, എസ്കോട്ടല്‍, റിലയന്‍സ് തുടങ്ങിയ കമ്പനികളില്‍ നിന്നും സര്‍ക്കാരിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഏതു കമ്പനിക്ക് ടെണ്ടര്‍ നല്‍കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
സംസ്ഥാനത്തിന് നേട്ടമുണ്ടാകുക എന്നതായിരിക്കും കമ്പനിയെ തിരഞ്ഞെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന. ചില സംസ്ഥാനങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഇടുന്നതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
കമ്പനികളുമായി സംസാരിക്കാന്‍ ധനം, വിവരസാങ്കേതിക വിദ്യ, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരുടെ ഒരു സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും നായനാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications