വാടകഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി : വൈപ്പിനിലെ നായരമ്പലത്ത് വാടകഗുണ്ടയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നായരമ്പലം സ്രാമ്പിക്കല്‍ ജോബി (32) യാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 16 തിങ്കളാഴ്ച അര്‍ധരാത്രി അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് എ.ടി.എച്ച് ബാറിന് സമീപമെത്തിയ പൊലീസ് വെട്ടേറ്റ് അവശനിലയിലായിരുന്ന ജോബിയെ കണ്ടെത്തുകയായിരുന്നു.
രക്തത്തില്‍ കുളിച്ചു കിടന്ന ജോബിയുടെ കൈകള്‍ ഒടിഞ്ഞുതൂങ്ങിക്കിടക്കുകയായിരുന്നു. കാലുകളുടെ അസ്ഥികള്‍ അടിയേറ്റ് പൊട്ടിച്ചിതറിയിരുന്നു. പറവൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒക്ടോബര്‍ 17ചൊവാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെ ജോബി മരിച്ചു.
എ.ടി.എച്ച് ബാറുടമയും ജീവനക്കാരും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ജോബി പൊലീസിന് മൊഴി നല്‍കി. ബാര്‍ ജീവനക്കാരായ ചിലരെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഫിബ്രവരിയില്‍ ബാറിലെ ജീവനക്കാരുമായി ജോബി ഏറ്റുമുട്ടി കാലിന് ഒടിവ് പറ്റിയിരുന്നു. അന്ന് വാല്‍പാറയിലെ ഭാര്യവീട്ടിലേക്ക് പോയ ജോബി സംഭവദിവസമാണ് വീണ്ടും നായരമ്പലത്തെത്തിയത്.
സംഭവദിവസം രാത്രി ബാറില്‍ ചെന്ന് ജോബി വെല്ലുവിളി നടത്തിയതായി പറയപ്പെടുന്നു. പത്ത് മണിയോടെ മറ്റ് രണ്ട് പേരോടൊപ്പം ബാറിന് സമീപമെത്തിയ ജോബി കരുണാകരന്‍ എന്നയാളെ മര്‍ദ്ദിക്കുകയും റോഡിലുണ്ടായിരുന്നവരെ വടിവാളും ഇരുമ്പ് വടിയും വീശി ഓടിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ക്ക് ആരും ദൃക്സാക്ഷികളല്ലെന്ന് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രിയില്‍ നിലവിളിയും ഞരക്കവും കേട്ടെങ്കിലും ഭയം മൂലം ആരും ചെന്നുനോക്കിയില്ല.












Click it and Unblock the Notifications