സര്‍ദാര്‍സരോവര്‍ പദ്ധതി: പണി പുനരാരംഭിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
ദില്ലി: വിവാദമായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഒക്ടോബര്‍ 18 ബുധനാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. അണക്കെട്ടിന്റെ ഉയരം 90 മീറ്റര്‍ ആക്കാമെന്നും വേണ്ടിവന്നാല്‍ 90 മീറ്ററിലും അധികം ഉയര്‍ത്താമെന്നും കോടതി വിധിച്ചു.
ചീഫ് ജസ്റ്റീസ് എ എസ് ആനന്ദ്, ജസ്റ്റീസുമാരായ ബി എന്‍ കൃപാല്‍, എസ് പി ബറൂച്ച എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.
കോടതി തീരുമാനം ഏകകണ്ഠമായിരുന്നില്ല. ജസ്റ്റീസ് ആനന്ദും ,ജസ്റ്റീസ് കൃപാലും ഡാം പണി തുടരുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് ബറൂച്ച വിയോജിപ്പു പ്രകടിപ്പിച്ചു. പരിസ്ഥിതി പഠനങ്ങള്‍ കൃത്യമായി നടത്താതെയാണ് സര്‍ദാര്‍ സരോവര്‍ പദ്ധതി തുടങ്ങിയതെന്നും ഇക്കാര്യത്തില്‍ പുതിയ പഠനങ്ങള്‍ നടത്തണമെന്നും ജസ്റ്റീസ് ബറൂച്ച തന്റെ വിയോജനക്കുറിപ്പില്‍ എഴുതി.
സര്‍ദാര്‍സരോവര്‍ പദ്ധതി പ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആദിവാസി ജനതയ്ക്കും പരിസ്ഥിതിക്കും അണക്കെട്ട് ദോഷകരമാണെന്നതിനാല്‍ അണക്കെട്ട് പണിയുന്നത് തടയണമെന്നാവശ്യപ്പെട്ട് നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാപട്കറും മറ്റ് ഏതാനും പരിസ്ഥിതി , മനുഷ്യാവകാശ പ്രവര്‍ത്തകരും സമര്‍പ്പിച്ചിരുന്ന ഹര്‍ജകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര,മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് 18,000 കോടി രൂപയുടെ ഈ വന്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് പദ്ധതി നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്.
മേധാപട്കറുഠെ നേതൃത്വത്തില്‍ നര്‍മദാ ബചാവോ ആന്ദോളനും മറ്റനേകം പരിസ്ഥിതി ,പ്രകൃതി സ്നേഹി സംഘടനകളും അണക്കെട്ട് നിര്‍മാണത്തിനെതിരേ വന്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് 1995 മുതല്‍ അണക്കെട്ട് പണി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
പദ്ധതിക്കായി ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുനരധിവാസ , ആശ്വാസ നടപടികളില്‍ സുപ്രീം കോടതി സംതൃപ്തി രേഖപ്പെടുത്തി.
അണക്കെട്ടിന്റെ ഉയരം 85 മീറ്ററായി ഉയര്‍ത്തുന്നതിന് സുപ്രീംകോടതി 1994 ല്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം ഇത് 90 മീറ്റര്‍ ആയി ഉയര്‍ത്തുന്നതിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി അണക്കെട്ടിന്റെ ഉയരം 138 മീറ്റര്‍ വരെ ഉയര്‍ത്താമെന്നും ഇതിനായി കൃത്യമായി ബന്ധപ്പെട്ട അധികൃതരുടെ അനുമതി നേടിയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് .












Click it and Unblock the Notifications