പട്ടാപ്പകല്‍ മനോരോഗി ഡോക്ടറെ കൊല്ലാന്‍ ശ്രമിച്ചു
കൊച്ചി: പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ.എസ്.ഡി.സിംഗിനെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ കൊലപ്പെടുത്താന്‍ ശ്രമം. ഡോക്ടറുടെ പിന്നാലെ പാഞ്ഞ് കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച അക്രമിയെ തക്കസമയത്തെത്തിയ പൊലീസുകാര്‍ കീഴ്പെടുത്തി.
പിഎന്‍വിഎം ആശുപത്രിയില്‍ മനോരോഗ വിദഗ്ധനായ ഡോ.സിംഗിന് നേരെ മാധവ ഫാര്‍മസി ജംഗ്ഷനില്‍ വെച്ചാണ് അക്രമി കത്തിയുമായി കുത്താനടുത്തത്. ഷര്‍ട്ടിന് കുത്തിപ്പിടിച്ച നജീബില്‍ നിന്നും ഡോ.സിംഗ് കുതറിമാറി ഓടിയെങ്കിലും നജീബ് കത്തിയുമായി പിന്തുടര്‍ന്നു. സഹായം അഭ്യര്‍ഥിച്ച് ഡോക്ടര്‍ പരക്കം പാഞ്ഞെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ രംഗം കണ്ട് സ്തബ്ധരായി നില്‍ക്കുകയായിരുന്നു.
യാദൃശ്ചികമായി അതുവഴി വന്ന കമ്മിഷണര്‍ സ്ക്വാഡിലെ പൊലീസുകാരായ ചാള്‍സും കൃഷ്ണദാസും അക്രമിയെ തടുത്തുനിര്‍ത്തി. ബലപ്രയോഗത്തിലൂടെ കത്തി പിടിച്ചുവാങ്ങി. പൊലീസുകാരോടും ഇയാള്‍ ചെറുത്തു നില്‍ക്കാന്‍ നോക്കി. ഇതിനകം വിവരം ലഭിച്ച് കൂടുതല്‍ പൊലീസുകാരെത്തിയാണ് നജീബിനെ പിടികൂടിയത്.
കഞ്ചാവിനടിമയായിരുന്ന താന്‍ ഒമ്പത് വര്‍ഷത്തിനു മുമ്പ് ഡോ.സിംഗിന്റെ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് നജീബ് പൊലീസിനോട് പറഞ്ഞു.ചികിത്സാ സമയത്ത് ഡോക്ടര്‍ വിഷമാണ് തന്നിരുന്നതെന്നും അതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും മയക്കുമരുന്നിന് അടിമയായ ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
നജീബിനെ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് ഡോ.സിംഗ് പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications