കൊച്ചി സ്വകാര്യ കോളേജിന് അംഗീകാരം നിഷേധിച്ചു
കൊച്ചി: എറണാകുളം മാര്‍ക്കറ്റിന് സമീപം സ്വകാര്യമേഖലയില്‍ തുടങ്ങാനിരുന്ന എഞ്ചിനീയറിംഗ് കോളേജിന് മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകാരം നിഷേധിച്ചു. തിരുച്ചിറപ്പിള്ളിയിലെ ജയഗോകുലം ട്രസ്റിന്റെ കേരള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ അംഗീകാരമാണ് റദ്ദാക്കിയത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോളേജിന്റെ നടത്തിപ്പുക്കാര്‍ക്ക് കഴിയാതിരുന്നതാണ് കാരണം. 120 സീറ്റുകളിലേക്ക് ഇവിടെ പ്രവേശനം നടത്താനിരുന്നത്.
എറണാകുളം മാര്‍ക്കറ്റില്‍ ഒരു ഗോഡൗണിനു മുകളിലാണ് ക്ലാസ്സുകളും ലാബോറട്ടറികളും നടത്താന്‍ കോളേജധികൃതര്‍ സ്ഥലം കണ്ടെത്തിയിരുന്നത്. കോളേജിന് എംജി സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നും ഈ വര്‍ഷം ക്ലാസ്സുകള്‍ തുടങ്ങുമെന്നും കോളേജ് അധികൃതര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.
ഈ വര്‍ഷം എന്‍ട്രന്‍സ് പരീക്ഷയില്‍ പ്രവേശനത്തിനര്‍ഹരായവര്‍ക്ക് സീറ്റ് അനുവദിച്ച കോളേജുകളുടെ പട്ടികയില്‍ ഈ കോളേജും ഉള്‍പ്പെട്ടിരുന്നു. പിന്നീട് കോളേജ് ഈ വര്‍ഷം പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവിടേക്ക് അപേക്ഷിച്ചവര്‍ മറ്റേതെങ്കിലും കോളേജ് തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തയച്ചു.
1994ല്‍ യുഡിഎഫ് ഭരണകാലത്താണ് ജയഗോകുലം ട്രസ്റ് കോളേജ് തുടങ്ങുന്നതിന് അനുമതി തേടി കേരളത്തിലെത്തിയത്. അടുത്തവര്‍ഷം എഐസിടിഇയുടെ അംഗീകാരവും നേടിയെടുത്തു. തുടര്‍ന്ന് വേണ്ടത്ര സൗകര്യങ്ങളുണ്ടെന്ന് അംഗീകരിച്ച് എംജി സര്‍വകലാശാല കോളേജിന് അനുമതി നല്‍കി.
എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സ്വകാര്യമേഖലയില്‍ ഇത്തരമൊരു കോളേജിന് അംഗീകാരം നല്‍കാനാവില്ലെന്ന നിലപാടെടുത്തതിനെത്തുടര്‍ന്ന് സര്‍വകലാശാല അംഗീകാരം പിന്‍വലിച്ചു. തുടര്‍ന്ന് ജയഗോകുലം ട്രസ്റ് ഹൈക്കോടതിയെ സമീപിച്ചു. താല്‍ക്കാലിക അംഗീകാരം നല്‍കാനായിരുന്നു കോടതിവിധി. അംഗീകാരം പുനഃസ്ഥാപിച്ചുവെങ്കിലും കോടതിവിധിക്ക് വിധേയമായി സിണ്ടിക്കേറ്റ് നിയോഗിച്ച കമ്മീഷന്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങളിലെന്ന് സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ടു നല്‍കി.
1997ല്‍ ക്ലാസ് തുടങ്ങാനായി ജയഗോകുലം ട്രസ്റ് അപേക്ഷ ക്ഷണിച്ചെങ്കിലും അംഗീകാരമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി. ഇതിനെതിരെ ട്രസ്റ് സുപ്രീം കോടതിയിലെത്തി. എഐസിടിഇയുടെ അംഗീകാരമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നായിരുന്നു വിധി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ക്ലാസ് തുടങ്ങത്തക്കവിധം കോളേജിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോളേജിന് സര്‍വകലാശാലയുടെ അംഗീകാരമില്ലെന്ന് വീണ്ടും വ്യക്തമാക്കിയത്.
മൂന്നൂ ബ്രാഞ്ചുകളിലായി 120 പേര്‍ക്ക് പ്രവേശനം നല്‍കാനായിരുന്നു ട്രസ്റിന്റെ ഉദ്ദേശ്യം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലാണ് ക്ലാസ് തുടങ്ങാനിരുന്നത്.












Click it and Unblock the Notifications