മുസ്ലിംലീഗ് നിര്‍ണ്ണായക സംസ്ഥാന നേതൃയോഗം ഇന്ന്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ രാഷ്ട്രീയ ചായ്വ് വിവാദമായിരിക്കെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം ഒക്ടോബര്‍ 18ന് ബുധനാഴ്ച കോഴിക്കോട്ട് ചേരുന്നു.
അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പ്രകടനവും യോഗം വിലയിരുത്തും. ചില സ്ഥലങ്ങളില്‍ യുഡിഎഫില്‍ നിന്നു വിട്ടുമാറി എല്‍ഡിഎഫുമായി ബാന്ധവമുണ്ടാക്കിയതിന്റെ ദുരവ്യാപകഫലങ്ങളും യോഗം ചര്‍ച്ച ചെയ്യും. പഞ്ചായത്ത് തിരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടം നവംബര്‍ 25ന് നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ അപ്പോള്‍ കൈക്കൊള്ളേണ്ട നിലപാടും ബുധനാഴ്ചയിലെ യോഗം തീരുമാനിക്കാനിടയുണ്ട്.
എല്‍ഡിഎഫുമായി ബാന്ധവം വേണമെന്ന വിഭാഗം ബുധനാഴ്ചയിലെ സംസ്ഥാന നേതൃയോഗത്തിലും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കാനാണിട. എന്നാല്‍ ഇത്തരത്തിലുള്ള ബാന്ധവങ്ങള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടം വരുത്തിവെച്ചുവെന്ന് എതിര്‍ വിഭാഗം വാദിച്ചേക്കും. ചില സ്ഥലങ്ങളില്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നുവെന്ന ആരോപണത്തിന്റെ പ്രത്യാഘാതങ്ങളും യോഗം ഗൗരവമായി പരിഗണിക്കും.
അതിനിടെ പാര്‍ട്ടിക്കുള്ളില്‍ ഒരു സേവ് മുസ്ലിംലീഗ് ഫോറം ഉണ്ടായതിന്റെ വ്യക്തമായ സൂചനകള്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. യുഡിഎഫിനു പുറത്തുനിന്നുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണിത്. കൂടാതെ മുസ്ലിംലീഗിന്റെ ബിജെപി ബന്ധം മുതലെടുക്കാന്‍ ഐഎന്‍എല്‍ നടത്താന്‍ പോകുന്ന വാഹനപ്രചാരണ ജാഥയും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
പക്ഷേ പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്ന നിലപാടിലാണ് ഇപ്പോഴുമുള്ളത്. മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിപിഎമ്മുമായി കൂട്ടുകൂടിയിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന കാര്യം ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. പക്ഷെ യുഡിഎഫിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ്സിലെ പിണക്കങ്ങള്‍ മുന്നണിയെ എങ്ങനെ ബാധിക്കുമെന്നതില്‍ പൊതുവെ പാര്‍ട്ടി ആശങ്കാകുലരാണ് എന്നാണ് കരുതേണ്ടത്.












Click it and Unblock the Notifications