വിദേശമലയാളികളെ ലക്ഷ്യമിട്ട് ഐഡിബിഐ ബാങ്ക്
തിരുവനന്തപുരം: ബാങ്കിങ് രംഗത്തെ പുതിയ തലമുറയില്‍ പ്രമുഖരായ ഐഡിബിഐ ബാങ്ക് വിദേശമലയാളികളെ ലക്ഷ്യമിടുന്നു.
ഈ ലക്ഷ്യവുമായി ഐഡിബിഐയുടെ രാജ്യത്തെ 46ാമത്തെ ശാഖ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഐഡിബിഐ ബാങ്ക് പുതിയ ശാഖയുടെ ഉദ്ഘാടനം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഒക്ടോബര്‍ 19 വ്യാഴാഴ്ച നിര്‍വഹിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ഐഡിബിഐ ബാങ്ക് വിപണന- വിതരണ വിഭാഗം മാനേജര്‍ വിദേശമലയാളികള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നറിയിച്ചു. ഇത്രയും കാലം കോര്‍പറേറ്റ് ബാങ്കിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തങ്ങള്‍ ഇനി മുതല്‍ റീറ്റെയില്‍ ബാങ്കിങിലും ഇടപെടാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഫണ്ട് ട്രാന്‍സ്ഫര്‍(സ്വിഫ്റ്റ്) എന്ന ബാങ്കിങ് സംഘടനയില്‍ അംഗത്വമുള്ള ഏതു വിദേശ ബാങ്കുമായും ഐഡിബിഐ അക്കൗണ്ട് മുഖേന പണമിടപാടുകള്‍ നടത്താനാവുമെന്ന് പുതിയ ബ്രാഞ്ചിന്റെ മാനേജര്‍ എ.എസ്.വറുഗീസ് പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ സൗകര്യം പരിഗണിച്ച് മധ്യേഷ്യയിലെ പ്രമുഖ ബാങ്കുകളുമായി പരസ്പര സഹകരണ കരാറുകളുണ്ടാക്കാനും ഐഡിബിഐ ബാങ്കിനു പദ്ധതിയുണ്ട്. അവിടെ സ്വിഫ്റ്റ് പദ്ധതി നിലവിലില്ലാത്തതിനാലാണ് പുതിയ കരാറുകളുണ്ടാക്കുന്നത്. സഹകരണ കരാറുകള്‍ നിലവില്‍ വരുന്നതോടെ മധ്യേഷ്യയിലെ ബാങ്കുകളുമായുള്ള പണമിടപാടുകള്‍ ഗള്‍ഫ് മലയാളികള്‍ക്ക് നാട്ടിലും തുടരാനാകുമെന്ന് വറുഗീസ് പറഞ്ഞു.
കോട്ടയത്തും തിരുവല്ലയിലുമാണ് കേരളത്തില്‍ തിരുവനന്തപുരത്തിനു പുറമേയുള്ള ഐഡിബിഐ ബാങ്കു ശാഖകള്‍. പുതിയതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ശാഖകള്‍ കൂടി തുടങ്ങാന്‍ ബാങ്കിനു പരിപാടിയുണ്ട്.
ബാങ്കിങ് മേഖലയിലെ പുത്തന്‍കൂറ്റുകാരില്‍ ഐഡിബിഐക്കു പുറമേ എച്ച്ഡിഎഫ്സി ബാങ്കിനു മാത്രമാണ് തിരുവനന്തപുരത്തു ശാഖയുള്ളത്. യുടിഐയും ഐസിഐസിഐയും താമസിയാതെ തലസ്ഥാനത്ത് തങ്ങളുടെ ശാഖകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഗ്ലോബല്‍ ട്രസ്റും ഇന്‍ഡസ് ഇന്ഡുമാണ് കേരളത്തില്‍ ശാഖകളുള്ള മറ്റു പുതിയ തലമുറയിലെ ബാങ്കുകള്‍.












Click it and Unblock the Notifications