കൈക്കൂലി: എക്സൈസ് ഇന്‍സ്പെക്ടര്‍ പിടിയില്‍
തിരുവനന്തപുരം: കള്ളുഷാപ്പ് കോണ്‍ട്രാക്ടറില്‍ നിന്ന് ഭീഷണിപ്പെടുത്തി ഓണപ്പടി വാങ്ങിയതിന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റു ചെയ്തു.
തിരുവല്ലം റേഞ്ച് ഇന്‍സ്പെക്ടറായ ചങ്ങനാശ്ശേരി പെരുന്ന ശിബിരത്തില്‍ ടി.പി.പ്രദീപ് ആണ് ഒക്ടോബര്‍ 17 ചൊവാഴ്ച രാത്രി അറസ്റിലായത്. തിരുവല്ലം റേഞ്ചിലെ ടിഎസ് 15ാം നമ്പര്‍ കള്ളുഷാപ്പ് ഉടമ ചെത്തിപ്പുഴ വേരൂര്‍ കുന്നുംപുറത്ത് വീട്ടില്‍ കെ.എസ്.സലീമിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്.
കള്ളുഷാപ്പിന്റെ കോണ്‍ട്രാക്ടര്‍മാരായ തന്നോടും എന്‍.സുകുമാരനോടും 15,000 രൂപ ഓണത്തിനു പടിയായി ആവശ്യപ്പെട്ടുവെന്ന് സലീമിന്റെ പരാതിയില്‍ പറയുന്നു. സപ്തംബര്‍ 15 വെള്ളിയാഴ്ച പെരുന്നയിലുള്ള വീട്ടില്‍ വിളിച്ചുവരുത്തിയാണ് പണം ആവശ്യപ്പെട്ടത്. ഓണത്തിന് എല്ലാ കോണ്‍ട്രാക്ടര്‍മാരും വന്നിട്ട് നിങ്ങള്‍ മാത്രമെന്താണ് വരാത്തതെന്ന് ചോദിച്ചു വിരട്ടിയെന്നും പരാതിയിലുണ്ട്.
സപ്തംബര്‍ 16 ശനിയാഴ്ച തന്നെ 5,000 രൂപ സലീം പ്രദീപിന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. പണം കയ്യില്‍ വാങ്ങാതെ മേശപ്പുറത്തു വയ്ക്കാന്‍ പറഞ്ഞ ഇന്‍സ്പെക്ടര്‍ ബാക്കി 10,000 രൂപ കൂടി ഉടന്‍ നല്കിയില്ലെങ്കില്‍ ഷാപ്പ് അടച്ചു പൂട്ടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബാക്കി പണം നല്കാന്‍ ഒരു മാസത്തെ സമയം ചോദിച്ചതായി സലീമിന്റ പരാതിയിലുണ്ട്.
സലീമിന്റെ പരാതി പരിഗണിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സലീം ചൊവാഴ്ച രാത്രി പ്രദീപിന്റെ വീട്ടില്‍ 10,000 രൂപയുമായെത്തി. സലീമില്‍ നിന്നു പണം വാങ്ങുന്നതിനിടയില്‍ പ്രദീപിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
വിജിലന്‍സ് സൂപ്രണ്ട് നിഥിന്‍ അഗര്‍വാള്‍, ഡിവൈഎസ്പി ക്രിസ്റി ബാസ്റിന്‍, സിഐമാരായ ശ്രീകണ്ഠന്‍നായര്‍, രമേഷ് ബാബു, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്.
ഒക്ടോബര്‍ 18 ബുധനാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പദീപിനെ ജഡ്ജി എന്‍.കെ.ബാലകൃഷ്ണന്‍ റിമാന്‍ഡു ചെയ്തു.












Click it and Unblock the Notifications