അങ്കമാലി-എറണാകുളം സബര്‍ബന്‍ റൂട്ടില്‍ ട്രെയിന്‍
കൊച്ചി: അങ്കമാലി-എറണാകുളം സബര്‍ബന്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു. മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (എംഎംയു) പ്രയോജനപ്പെടുത്തി സര്‍വീസ് നടത്താനുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളത്.
ഒക്ടോബര്‍ 19 വ്യാഴാഴ്ച ടൗണ്‍ റെയില്‍വെ സ്റേഷന്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ഹൈക്കോടതിയ്ക്ക് സമീപം ഗുഡ്സ് ഷെഡ്ഡായി ഉപയോഗിക്കുന്ന ഓള്‍ഡ് റെയില്‍വെ സ്റേഷന്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ ടെര്‍മിനല്‍ സ്റേഷനായി ഉപയോഗിക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പച്ചാളം മുതല്‍ ഹൈക്കോടതി വരെ ഏകദേശം 400 മീറ്റര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കേണ്ടിവരും. ഓള്‍ഡ് റെയില്‍വേ സ്റേഷനില്‍ നവീകരണ പദ്ധതികള്‍ നടപ്പിലാക്കാനായാല്‍ എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റേഷനുകള്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മാത്രമായി മാറ്റിവയ്ക്കാനാകും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യുടെ സഹായത്തോടെ ടൗണ്‍ റെയില്‍വേ സ്റേഷനില്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വികസന പദ്ധതികളെ കുറിച്ച് രാജഗോപാല്‍ വിശദീകരിച്ചു. ടൗണ്‍ സ്റേഷന്റെ കിഴക്കുഭാഗത്ത് ജിസിഡിഎയും റെയില്‍വേയും സഹകരിച്ച് പ്രവേശനകവാടവും ടിക്കറ്റ് കൗണ്ടറും നിര്‍മിക്കാനാണ് പദ്ധതി. ഇതിനാവശ്യമായ സ്ഥലം ജിസിഡിഎ ഏറ്റെടുത്ത് നല്‍കും.
കെട്ടിടത്തിന്റെ നിര്‍മാണവും ജിസിഡിഎയുടെ ചുമതലയിലായിരിക്കും. പാര്‍ക്കിംഗിനും ടിക്കറ്റ് കൗണ്ടറിനും ആവശ്യമായ സ്ഥലം നീക്കിവെച്ച ശേഷം ബാക്കി സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് ജിസിഡിഎയുടെ പദ്ധതി. റെയില്‍വേ സ്റേഷന്റെ വടക്ക് ഭാഗത്തുള്ള പ്ലാറ്റ്ഫോമിന് വീതി കൂട്ടും. ഇതിനാവശ്യമായ സ്ഥലവും ജിസിഡിഎ അക്വയര്‍ ചെയ്യും.
സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ തടസമാകുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. ശമ്പള പരിഷ്കരണത്തെ തുടര്‍ന്ന് 8000 കോടി രൂപയുടെ അധികച്ചെലവാണ് നേരിടേണ്ടിവന്നത്. 10000കോടി രൂപയായിരുന്ന ശമ്പളബില്‍ 18000കോടി രൂപയായി. പെട്രോളിയം വിലവര്‍ധനവും വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും. ഒരു ലിറ്റര്‍ ഡീസലിന് ഒരു രൂപ വര്‍ധിച്ചപ്പോള്‍ റെയില്‍വേയ്ക്കുണ്ടായ അധികച്ചെലവ് 200 കോടി രൂപയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications