കേരളത്തില്‍ ഇളനീര്‍ വിപ്ലവം
തിരുവനന്തപുരം : പാമോയില്‍ ബഹിഷ്കരണത്തിന് പിന്നാലെ കേരളത്തില്‍ ഇളനീര്‍ വിപ്ലവം തുടങ്ങിയിരിക്കുന്നു.
നാളികേര വിലയിടിവ് തടഞ്ഞ് കേരകര്‍ഷകന് ആശ്വാസം പകരാനാണ് ഇളനീര്‍ ഉപയോഗം വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളില്‍ ഇളനീര്‍പന്തലുകള്‍ ധാരാളമായി തുറക്കുന്നുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അമ്പതിലേറെ കരിക്ക് വില്‍പ്പന സ്റാളുകളാണ് തുറന്നത്. കരിക്ക് വില്‍പ്പനയ്ക്ക് നല്ല ജനപിന്തുണയും ലഭിക്കുന്നുണ്ട്. കരിക്കൊന്നിന് അഞ്ച് രൂപ മുതല്‍ ആറ് രൂപ വരെ കേര കര്‍ഷകന് കിട്ടും.
വിദേശകമ്പനികളുടെ കോള ഉപേക്ഷിച്ച് ഇളനീര്‍ കുടിക്കാന്‍ വ്യാപാരികളും ജനങ്ങളെ ഉപദേശിക്കുന്നു എന്നതാണ് ഇളനീര്‍ വിപ്ലവത്തിന്റെ വിജയം. ഒക്ടോബര്‍ 18 ബുധനാഴ്ച മലബാര്‍ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ ഇളനീര്‍ മഹോത്സവം നടന്നു. തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് വലിയമറ്റം മഹോത്സവം ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍, തളിപ്പറമ്പ്, ആലക്കോട്, കരിവെള്ളൂര്‍, ഇരിട്ടി എന്നിവിടങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, ചെറുവത്തൂര്‍, ചിറ്റാരിക്കല്‍, കല്ല്യോട് തുടങ്ങിയ പ്രദേശങ്ങളിലും ഇളനീര്‍ വിപ്ലവം പൂര്‍ണ്ണമാണ്.
തിരുവാമ്പാടി ഗ്രാമത്തിലെ ജനങ്ങള്‍ കര്‍ഷക മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ കോള ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഗ്രാമീണര്‍ ടൂത്ത് പേസ്റിന് പകരം നാടന്‍ പല്‍പ്പൊടി ഉപയോഗവും തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications