എസ്എന്‍ കോളേജ് സംഭവം: പൊലീസുകാര്‍ക്ക് കുറ്റപത്രം
കൊച്ചി: കൊല്ലം എസ്എന്‍ കോളേജില്‍ പൊലീസ് സംരക്ഷണമുണ്ടായിരിക്കെ പ്രിന്‍സിപ്പാള്‍ ബന്ദിയാക്കപ്പെട്ട സംഭവത്തില്‍ അന്നത്തെ കൊല്ലം എസ്പി ഉള്‍പ്പെടെ നാല് പൊലീസുദ്യോഗസ്ഥര്‍ക്ക് കേരള ഹൈക്കോടതി കുറ്റപത്രം നല്‍കി.
അന്നത്തെ കൊല്ലം എസ്പി മനോജ് എബ്രഹാം, ഡിവൈഎസ്പി ജി. നടരാജന്‍, സി.ഐ. ജയചന്ദ്രന്‍ നായര്‍, ടൗണ്‍ ഈസ്റ് സ്റേഷനിലെ എസ്ഐ ജേക്കബ് എന്നിവര്‍ക്കാണ് കോടതി കുറ്റപത്രം നല്കിയത്. കോടതിയലക്ഷ്യത്തിന് കേസ്സെടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.കെ. വിജയന്‍, എസ്എന്‍ ട്രസ്റ് മേഖലാ വികസനസമിതി ചെയര്‍മാന്‍ ബി. പുരുഷോത്തമന്‍ എന്നിവര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ജസ്റിസ് എസ്. ശങ്കരസുബനും ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പൊലീസ് നിഷ്ക്രിയമായതുകൊണ്ടാണ് കോളേജില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതെന്ന് ഉത്തരവില്‍ പറയുന്നു.
കോളേജില്‍ ക്രമസമാധാനം പാലിക്കുക, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സംരക്ഷണം നല്‍കുക, ആരെങ്കിലും ആയുധമായി കാമ്പസില്‍ കയറുന്നത് തടയുക, പുറത്തു നിന്നുള്ളവര്‍ കോളേജില്‍ കടക്കാതെ സൂക്ഷിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ കോടതി 1999 നവംബര്‍ 19ന് പൊലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ കോളേജ് ഗേറ്റിന് 50 മീറ്റര്‍ അകലെ മാത്രമേ അനുവദിക്കാവൂ എന്നും ആ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊക്കെയുണ്ടായിട്ടും 2000 ഫിബ്രവരി രണ്ടിന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും മറ്റു ചിലരും ചേര്‍ന്ന് പ്രിന്‍സിപ്പാളിനെ 8.30 മുതല്‍ രാത്രി 10.30 വരെ ബന്ദിയാക്കി. നാലു പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ഇത് തടയാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications