പാര്‍ട്ടി അംഗീകാരം പിന്‍വലിച്ചത് അന്യായം - സുര്‍ജിത്
തിരുവനന്തപുരം: സിപിഐഎമ്മിന്റെ ദേശീയാംഗീകാരം റദ്ദാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി നീതീകരിക്കാനാവാത്തതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്. ഇന്നത്തെ രാഷ്ട്രീയത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ഉള്ള പങ്കു കൂടി കണക്കിലെടുത്തു വേണം പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കേണ്ടതെന്ന് അദ്ദേഹം കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച തുടങ്ങിയ നാലു ദിവസത്തെ സിപിഐഎം പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടൊന്നും സിപിഐഎമ്മിന് ദേശീയ രാഷ്ട്രീയത്തിലുള്ള സ്ഥാനം ഇല്ലാതാക്കാനാകില്ലെന്ന് സുര്‍ജിത് പറഞ്ഞു.
1999ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കോടിയോളം വോട്ടുകള്‍ സിപിഐഎമ്മിന് കിട്ടിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്ത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ അഞ്ചു മുതല്‍ ആറു ശതമാനം വരെ വരും. കൂടാതെ ഇപ്പോഴത്തെ ലോക്സഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് സിപിഐഎം. അപ്പോള്‍ തുരുമ്പിച്ച നിയമങ്ങള്‍ വെച്ച് പാര്‍ട്ടിക്ക് ദേശീയാംഗീകാരം പിന്‍വലിക്കുന്നത് എങ്ങനെയാണെന്ന് സുര്‍ജിത് ചോദിച്ചു.
പാര്‍ലമെന്റില്‍ ഒരംഗം പോലും ഇല്ലെങ്കിലും നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരമുണ്ടെങ്കില്‍ ആ പാര്‍ട്ടിയെ ഇതേ നിയമം തന്നെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കുന്നതിലെ വിരോധാഭാസവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കിയ നടപടിയെ ചടങ്ങില്‍ പങ്കെടുത്ത കേരള മുഖ്യമന്ത്രി ഇ.കെ. നായനാരും അപലപിച്ചു. മൂന്നു സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള കക്ഷി എന്നതിനു പുറമെ 13 സംസ്ഥാന നിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും പാര്‍ട്ടിക്ക് അംഗങ്ങളുമുള്ള കാര്യം കമ്മീഷന്‍ പരിഗണിച്ചില്ലെന്ന് നായനാര്‍ പറഞ്ഞു.
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും സാമ്പത്തിക കൈയേറ്റത്തിനെതിരെയും ഭരണവര്‍ഗത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയും സിപിഐഎം പോരാട്ടം ശക്തമാക്കുമെന്നും സുര്‍ജിത് പറഞ്ഞു. ഇതിനായി പാര്‍ട്ടി പരിപാടികള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് പ്രത്യേക സമ്മേളനം മുന്‍ഗണന നല്‍കും.
രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയതക്കെതിരെ പോരാട്ടം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ആമുഖ പ്രസംഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു ചൂണ്ടിക്കാട്ടി. സമ്മേളനത്തിനെത്തിയ പ്രതിനിധികളെ കേരളമുഖ്യമന്ത്രി ഇ.കെ. നായനാര്‍ സ്വാഗതം ചെയ്തു. ആന്ധ്രയില്‍ നിന്നുള്ള തെലുങ്കാന സമര നേതാവ് പ്രസാദ റാവു രാവിലെ എ.കെ.ജി സെന്ററിനു മുന്നില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി.












Click it and Unblock the Notifications