വണ്ടിച്ചെക്കു കേസുകള്‍ക്ക് ദില്ലിയില്‍ പ്രത്യേക കോടതികള്‍
ദില്ലി: വണ്ടിച്ചെക്കു കേസുകള്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദില്ലി ഹൈക്കോടതി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നു. പത്ത് പ്രത്യേക കോടതികളാണ് ഇപ്രകാരം സ്ഥാപിക്കുന്നത്. ചെക്ക് മടങ്ങല്‍ കേസുകള്‍ ധാരാളം കെട്ടിക്കിടക്കുന്നതു കൊണ്ടും സാധാരണ കോടതികളില്‍ ഇവയുടെ നടപടി ക്രമം ഏറെ വൈകുന്നതു കൊണ്ടുമാണിത്.
ഒക്ടോബര്‍ 21 ശനിയാഴ്ച ജസ്റ്റീസ് ദല്‍വീര്‍ ഭണ്ഡാരിയാണ് പ്രത്യേക കോടതികളുടെ സ്ഥാപനം അറിയിച്ചത്. ആറു കോടതികള്‍ പട്യാല ഹൗസില്‍ സ്ഥാപിക്കും. 36,525 കേസുകളിന്മേല്‍ ഇവിടെ വാദം കേള്‍ക്കും. നാലു കോടതികള്‍ തീസ് ഹസാരിയില്‍ സ്ഥാപിക്കും. കെട്ടിക്കിടക്കുന്ന 15,030 കേസുകളിന്മേല്‍ ഇവിടെ വാദം കേള്‍ക്കും.
സപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 53,724 ചെക്കു മടങ്ങല്‍ കേസുകള്‍ ദില്ലി ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. സാധാരണ കോടതി നട പടി ക്രമം പാലിച്ചാല്‍ തന്നെ പത്ത് വര്‍ഷം വരെ ഈ കേസുകള്‍ തീര്‍പ്പു കല്‍പിക്കാന്‍ എടുക്കും. എന്നാല്‍ വേഗം തീര്‍പ്പു കല്‍പിക്കേണ്ട ഇത്തരം കേസുകളില്‍ നടപടി ക്രമം ഇഴഞ്ഞു നീങ്ങാന്‍ പാടില്ലെന്ന് ജസ്റ്റീസ് ഭണ്ഡാരി ചൂണ്ടിക്കാട്ടി.
ആറുമാസത്തിനുള്ളില്‍ ഒരു പരാതിയിന്മേലുള്ള നടപടിക്രമം തീര്‍ക്കാന്‍ സാധിക്കാത്ത ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഡിസ്ട്രിക്, സെഷന്‍സ് ജഡ്ജിമാര്‍ക്ക് കാരണം കാണിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നും ജസ്റ്റീസ് ഭണ്ഡാരി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications