ഇനി കീഴടങ്ങലില്ല: കരുണാകരന്‍
ദില്ലി: കോണ്‍ഗ്രസ് സംഘടനാ കാര്യത്തില്‍ ഇനി ആരുടെ മുന്നിലും കീഴടങ്ങലില്ലെന്ന് കെ .കരുണാകരന്‍. കെ പി സി സി തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം ഒക്ടോബര്‍ 21 ശനിയാഴ്ച ദില്ലിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
തനിക്കു കൂടി സ്വീകാര്യനായയാളെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു കണ്ടെത്തെണമെന്ന് ഹൈക്കമാന്‍ഡിനോടഭ്യര്‍ത്ഥിച്ചതായി കരുണാകരന്‍ പറഞ്ഞു. ഇങ്ങനെ നീക്കമുണ്ടാകുന്നില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരത്തിലൂടെയുള്ള തിരഞ്ഞെടുപ്പാണ് നല്ലത്. തന്റെ അഭിപ്രായത്തിനുവില കല്‍പിച്ചില്ലെങ്കില്‍ താന്‍ സ്വന്തമായി ചില തീരുമാനങ്ങള്‍ എടുക്കുമെന്നും അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നും കെ കരുണാകരന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നിയിപ്പു നല്‍കി.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാന്‍ഡ് തന്നോട് അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കരുണാകരന്‍ ശക്തിയായി നിഷേധിച്ചു. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ എതിര്‍ഗ്രൂപ്പുകള്‍ നടത്തുന്ന കുപ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേയ്ക്ക് മത്സരിക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല. കെ പി സി സി പ്രസിഡന്റ് കാര്യത്തില്‍ തീരുമാനമുണ്ടായതിനു ശേഷമേ ഇക്കാര്യത്തില്‍ അവസാനതീരുമാനമെടുക്കൂ.


Click it and Unblock the Notifications