വര്‍ഗീയതക്കെതിരെ മതേതരശക്തികള്‍ ഒന്നിക്കണം - സിപിഎം പ്രമേയം
തിരുവനന്തപുരം: കേന്ദ്രത്തിലെ വാജ്പേയി സര്‍ക്കാര്‍ വര്‍ഗീയശക്തികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് തിരുവനന്തപുരത്തു നടക്കുന്ന സിപിഎം പ്രത്യേക സമ്മേളനം അംഗീകരിച്ച പ്രമേയം ആരോപിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ഈ വെല്ലുവിളി നേരിടാന്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ നാനാത്വത്തെയും വൈവിധ്യത്വത്തെയും നിഷേധിച്ചുകൊണ്ട് സാമൂഹ്യ-മത-ഭാഷാ-വംശീയ ശക്തികള്‍ ഒന്നിക്കുന്നു. ബിജെപിയുടെ കൂട്ടാളികളായ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നീ ശക്തികള്‍ രാജ്യത്തെ ഒരു ഫാസിസ്റ് ഹിന്ദുരാഷ്ട്രമാക്കാനായി പുറപ്പെട്ടിരിക്കുകയാണ് - പ്രമേയം ചൂണ്ടിക്കാട്ടി.
അടുത്തിടെ ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ ന്യൂനപക്ഷങ്ങളെ ഭാരതീയവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ടത് രാജ്യത്തെ ക്രൈസ്തവര്‍ക്കും മുസ്ലിംങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളെ അടിവരയിടുന്നു. ക്രൈസ്തവരും മുസ്ലിങ്ങളും ഹിന്ദുമേധാവിത്വം അംഗീകരിക്കുക അല്ലെങ്കില്‍ അവരെ രാജ്യദ്രോഹികളായി കണക്കാക്കുക എന്നതാണ് ആര്‍എസ്എസിന്റെ നയം.
ബിജെപി ഇപ്പോഴും ആര്‍എസ്എസിന്റെ രാഷ്ട്രീയ ആയുധമാണ്. അല്ലെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്രം പരിശോധിച്ചാല്‍ ആ അവകാശം ശരിയല്ല എന്നു കാണാം. അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ താന്‍ ആര്‍എസ്എസിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി വാജ്പേയി തന്നെ പ്രഖ്യാപിച്ചതാണ്. തങ്ങളുടെ സ്വപ്നം നടപ്പിലാക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടാന്‍ കാത്തിരിക്കുകയാണ് ബിജെപി - പ്രമേയം പറയുന്നു.
കോടതി വിധിയെ ധിക്കരിച്ചും അയോധ്യയില്‍ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിഎച്ച്പി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്രം മാറ്റയെഴുതാന്‍ ശ്രമിക്കുകയാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍എസ്എസുകാരെ തിരുകിക്കയറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - പ്രമേയം ആരോപിച്ചു.
വൈവിധ്യത്തിലാണ് ഇന്ത്യയുടെ ഏകത്വം. മതപരവും ഭാഷാപരവും വംശീയപരവുമായുള്ള ഈ വൈവിധ്യം തകര്‍ത്ത് ഏകീകരണത്തിനുള്ളഏതു ശ്രമവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ്. ഇത്തരത്തിലുള്ളഇന്ത്യാ വിരുദ്ധ ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇടതുപക്ഷ, മതേതര, ജനാധപത്യ ശക്തികള്‍ ഒന്നിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഇതിനെതിരായി അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്താകമാനമുള്ള തൊഴിലാളികളെയും കര്‍ഷകരെയും ഏകോപിപ്പിച്ച് പാര്‍ട്ടി രാജ്യവ്യാപക പ്രചരണം നടത്തുമെന്നും പ്രമേയം പറയുന്നു.
പ്രമേയത്തെക്കുറിച്ചുള്ള വിവരം വാര്‍ത്താലേഖകര്‍ക്ക് നല്‍കിയത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ്.












Click it and Unblock the Notifications