വിഷമദ്യദുരന്തം: മരണം 12 ആയി
കൊല്ലം:കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇവരില്‍ ഒമ്പത് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും മൂന്ന് പേര്‍ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. 67 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും മദ്യം കഴിച്ചവര്‍ ഇപ്പോള്‍ ആശുപത്രികളിലേയ്ക്കൊഴുകുകയാണ്.
ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രത്യേക സെല്‍ തുറന്നിരിക്കുകയാണ്.
മദ്യദുരന്തത്തെത്തുടര്‍ന്ന് ചാത്തന്നൂര്‍ , കല്ലുവാതുക്കല്‍ പ്രദേശങ്ങള്‍സംഘര്‍ഷാവസ്ഥയിലാണ്. ജനങ്ങള്‍ ദേശീയപാതയില്‍ ഇറങ്ങി നില്‍ക്കുകയും മദ്യം കഴിച്ചുവെന്ന് സംശയിക്കപ്പെടുന്നവരെ ആശുപത്രിയിലാക്കിക്കൊണ്ടിരിക്കുകയാണ്.
ദുരന്തത്തിനിരയായ മദ്യം വിളമ്പിയ താത്ത എന്നു വിളക്കുന്ന ഹൈറുന്നീസയെപ്പറ്റി വിവരമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
മരിച്ചവരില്‍ ഏറെപേരും ദരിദ്രരായ തൊഴിലാളികളാണ്. കുറഞ്ഞ വിലയ്ക്ക് മദ്യം കിട്ടുമെന്നുള്ളതു കൊണ്ടാണ് ഇവര്‍ ഹൈറുന്നീസയുടെ പക്കല്‍ നിന്ന് മദ്യം കഴിച്ചിരുന്നത്.
1996 ല്‍ വ്യാജമദ്യ ദുരന്തം ഉണ്ടായതിനെത്തുടര്‍ന്ന് ഹൈറുന്നീസയെ കോടതി ആറു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. ആ ദുരന്തത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഒക്ടോബര്‍ 21 ശനിയാഴ്ച വ്യാജമദ്യം വിറ്റ മറ്റൊരു കേസില്‍ ഹൈറുന്നീസ കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു.
ഹൈറുന്നീസയുടെ വീട് പലപ്രാവശ്യം പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും മദ്യമൊന്നും കിട്ടാറുണ്ടായിരുന്നില്ലത്രേ. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ വന്‍ സൗകര്യങ്ങളോടെയാണ് മദ്യം വിളമ്പിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications