മദ്യദുരന്തം: മരണസംഖ്യ 19 ആയി, ജുഡീഷ്യല്‍ അന്വേഷണം
തിരുവനന്തപുരം: ദാരുണമായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. കല്ലുവാതുക്കല്‍ ദുരന്തത്തില്‍ 13 പേരും കൊട്ടാരക്കര പള്ളിക്കല്‍ ദുരന്തത്തില്‍ ആറ് പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 22 ഞായറാഴ്ച മുഖ്യമന്ത്രി ഇ കെ നായനാരാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
മദ്യം കഴിച്ച് അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മന്ത്രി ടി ശിവദാസമേനോന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എന്നിവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. എക്സൈസ് വകുപ്പ് ഉത്തരവിട്ടിരിക്കുന്ന അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ശിവദാസമേനോന്‍ അറിയിച്ചു.
കല്ലുവാതുക്കല്‍ സംഭവത്തിനുത്തരവാദിയായ താത്ത എന്നറിയപ്പെടുന്ന ഹയറുന്നീസ ഇപ്പോഴും ഒളിവിലാണ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ ഇവരും ഭര്‍ത്താവ് രാജനും മുങ്ങിയിരിക്കുകയാണ്. കുറ്റവാളികളെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന പൊലീസ് , എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിനിടെ മദ്യദുരന്തത്തിനെതിരായ പ്രതിഷേധം ഉയരുകയാണ്. സംസ്ഥാനസര്‍ക്കാരും മദ്യമാഫിയയുമായുള്ള അവിഹിതബന്ധമാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രതിപക്ഷവും ബി ജെ പി യും കുറ്റപ്പെടുത്തി.കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഇടതുമുന്നണി നേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി കൊല്ലം ജില്ലയില്‍ ഒക്ടോബര്‍ 23 തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബി ജെ പി നാളെ ജില്ലയില്‍ കരിദിനം ആചരിക്കും.
ചാത്തന്നൂരില്‍ ക്ഷുഭിതരായ ജനക്കൂട്ടം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസ് തല്ലിത്തകര്‍ത്തു.












Click it and Unblock the Notifications